രാജ്യത്ത് ആരംഭിച്ചിട്ടുള്ള COVID-19 വാക്സിനേഷൻ യത്നത്തോട് പൊതുജനങ്ങൾ മികച്ച രീതിയിലാണ് പ്രതികരിക്കുന്നതെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വാക്സിനേഷൻ വിഭാഗം മേധാവി ഡോ. സോഹ അൽ ബയത്ത് വ്യക്തമാക്കി. ഖത്തർ റേഡിയോയിൽ സംസാരിക്കുന്നതിനിടയിലാണ് ഡോ. സോഹ ഇക്കാര്യം അറിയിച്ചത്.
ഖത്തറിലെ COVID-19 വാക്സിനേഷൻ നടപടികൾ 2020 ഡിസംബർ 23-ന് ആരംഭിച്ചിരുന്നു. വാക്സിനേഷൻ യത്നം ആരംഭിച്ച് ഏതാണ്ട് 10 ദിവസത്തിനിടയിൽ കുത്തിവെപ്പ് സ്വീകരിച്ച ആർക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങളോ, പാർശ്വഫലങ്ങളോ രേഖപ്പെടുത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിനാണ് ഖത്തറിൽ നിലവിൽ വാക്സിനേഷനു വേണ്ടി ഉപയോഗിക്കുന്നത്.
വാക്സിനേഷനിൽ പങ്കെടുക്കാൻ താത്പര്യം പ്രകടിപ്പിച്ച് കൊണ്ട് മന്ത്രാലയത്തിന് നിരവധി ഫോൺ കോളുകൾ ലഭിച്ചതായി അവർ കൂട്ടിച്ചേർത്തു. പൊതുസമൂഹത്തിൽ നിന്ന് മികച്ച പ്രതികരണമാണ് വാക്സിനേഷൻ നടപടികളോട് ലഭിക്കുന്നതെന്ന് സൂചിപ്പിച്ച അവർ, വാക്സിൻ കുത്തിവെച്ചവരിൽ ആർക്കും ഗുരുതര
പാർശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അറിയിച്ച് കൊണ്ട് വാക്സിനിന്റെ സുരക്ഷയെക്കുറിച്ച് ജനങ്ങൾക്ക് ആത്മവിശ്വാസം നൽകി.
ചെറിയ പനി, കുത്തിവെപ്പ് സ്വീകരിച്ച ഭാഗത്ത് ചെറിയ വേദന എന്നിവ എല്ലാ വാക്സിനുകളിലും സാധാരണ കാണപ്പെടുന്ന തീവ്രതയില്ലാത്ത പാർശ്വഫലങ്ങളാണെന്നും അവർ വ്യക്തമാക്കി. വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നവരിൽ ഇത്തരം ചെറിയ ലക്ഷണങ്ങൾ ഏതാനം മണിക്കൂർ മുതൽ പരമാവധി ഒരു ദിവസം വരെ നീണ്ട് നിൽക്കാമെന്നും അവർ കൂട്ടിച്ചേർത്തു.
ഖത്തറിൽ വാക്സിനേഷൻ വിവിധ ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നതെന്ന് അവർ അറിയിച്ചു. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ആദ്യ ഘട്ടത്തിൽ 70 വയസ്സിനു മുകളിൽ പ്രായമായവർ, വിട്ടുമാറാത്ത ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, ഗുരുതര വിഭാഗങ്ങളിൽ ചികിത്സയിലുള്ളവർ, രോഗബാധയേൽക്കാൻ സാധ്യതയുള്ള ആരോഗ്യ പ്രവർത്തകർ മുതലായ വിഭാഗങ്ങൾക്കാണ് കുത്തിവെപ്പ് നൽകുന്നതെന്ന് അവർ വ്യക്തമാക്കി. ആദ്യ ഘട്ടം അടുത്ത ആഴ്ച്ച പൂർത്തിയാകുമെന്ന് അറിയിച്ച ഡോ. സോഹ, വാക്സിനേഷന്റെ തുടർ ഘട്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആരോഗ്യ മന്ത്രാലയം വരും ദിനങ്ങളിൽ അറിയിക്കുമെന്നും കൂട്ടിച്ചേർത്തു.
വാക്സിൻ ലഭ്യമായി എന്നത് കൊണ്ട് കൊറോണ വൈറസ് ഭീതി മുഴുവനായി ഒഴിവായി എന്ന് അർത്ഥമില്ലെന്നും, ജാഗ്രത, മുൻകരുതൽ നിർദ്ദേശങ്ങൾ എന്നിവ കർശനമായി തുടരണമെന്നും അവർ സമൂഹത്തെ ഓർമ്മപ്പെടുത്തി.