അബുദാബി: ഐഐടി ഡൽഹി ക്യാമ്പസിലെ ആദ്യ ടെക് ബാച്ചിലർ പ്രോഗ്രാമുകൾ പ്രഖ്യാപിച്ചു

featured UAE

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഡൽഹി അബുദാബി ക്യാമ്പസ് അതിൻ്റെ ആദ്യ ബാച്ചിലർ ഓഫ് ടെക്നോളജി (ബിടെക്) പ്രോഗ്രാമുകൾ പ്രഖ്യാപിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഊർജ്ജം, ഡിജിറ്റലൈസേഷൻ തുടങ്ങിയ മേഖലകളിലേക്കായി വിദ്യാർത്ഥികളെ തയ്യാറാക്കാനുതകുന്ന ബിടെക് പ്രോഗ്രാമുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എനർജി എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് എന്നീ മേഖലകളിലുള്ള ഈ ബിടെക് പ്രോഗ്രാമുകൾ ഊർജ്ജ വെല്ലുവിളികളെ നേരിടാനും ഭാവി ഡിജിറ്റൽ യുഗം രൂപപ്പെടുത്താനും വിവിധ വ്യവസായങ്ങൾക്കായി സോഫ്‌റ്റ്‌വെയർ വികസിപ്പിക്കാനുമുള്ള വൈദഗ്ദ്ധ്യം കൊണ്ട് ബിരുദ വിദ്യാർത്ഥികളെ സജ്ജരാക്കാനാണ് ലക്ഷ്യമിടുന്നത്.

ഊർജ്ജ ഉൽപ്പാദനവും മാനേജ്മെൻ്റ് പ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള സുസ്ഥിരതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയിലാണ് എനർജി എഞ്ചിനീയറിംഗ് പ്രോഗ്രാം രൂപപ്പെടുത്തിയിരിക്കുന്നത്. എഐ, മെഷീൻ ലേണിംഗ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ട് സൈദ്ധാന്തിക, പ്രായോഗിക കഴിവുകളെ സംയോജിപ്പിക്കുന്ന കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് പ്രോഗ്രാം കമ്പ്യൂട്ടേഷണൽ ചിന്ത, പ്രശ്‌നപരിഹാര കഴിവുകൾ എന്നിവ ഉപയോഗിച്ച് ഡിജിറ്റൽ മേഖലയിലേക്കായി വിദ്യാർത്ഥികളെ സജ്ജരാക്കുന്നു.

ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയവും, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജും (ADEK), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡൽഹിയും 2023 ജൂലൈയിൽ ഒപ്പുവച്ച ധാരണാപത്ര പ്രകാരമാണ് ഐഐടി-ഡൽഹി അബുദാബി സ്ഥാപിതമായത്.