ദുബായ് ചേംബേഴ്‌സ് ചെയർമാനും ഇന്ത്യൻ അംബാസഡറും കൂടിക്കാഴ്ച നടത്തി

GCC News

ദുബായ് ചേംബേഴ്‌സ് ചെയർമാൻ എഞ്ചിനീയർ സുൽത്താൻ ബിൻ സയീദ് അൽ മൻസൂരിയും യു എ ഇയിലെ ഇന്ത്യൻ അംബാസഡർ H.E. സഞ്ജയ് സുധീറും ദുബായിയും ഇന്ത്യയും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. വ്യാപാരത്തിലും നിക്ഷേപത്തിലും ഉഭയകക്ഷി സഹകരണം വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇരു കക്ഷികളും ഊന്നിപ്പറഞ്ഞു.

ദുബായ് ചേംബേഴ്‌സ് ആസ്ഥാനത്ത് വെച്ചായിരുന്നു ഈ കൂടിക്കാഴ്ച. ദുബായ് ചേംബേഴ്‌സ് പ്രസിഡന്റും, സി ഇ ഓയുമായ മുഹമ്മദ് അലി റശീദ് ലൂത്താഹ്‌ ഈ യോഗത്തിൽ പങ്കെടുത്തു.

സുസ്ഥിര സാമ്പത്തിക വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനും പരസ്പര വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അൽ മൻസൂരി ഊന്നിപ്പറഞ്ഞു. വൈവിധ്യമാർന്ന മേഖലകളിലേക്ക് വികസിക്കുന്നതിനും ആഗോള വിപണികളിൽ പ്രവേശിക്കുന്നതിനുള്ള ഒരു കവാടമായി ദുബായിയെ പ്രയോജനപ്പെടുത്തുന്നതിനും ഇന്ത്യൻ ബിസിനസ്സ് സമൂഹത്തെ പിന്തുണയ്ക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.

വ്യാപാര അവസരങ്ങൾ വികസിപ്പിക്കുക, ആഗോള വ്യാപാര പ്രവാഹം സുഗമമാക്കുക, ചെലവ് കുറയ്ക്കുക, ലോജിസ്റ്റിക് സേവന സമയപരിധികൾ കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ട് ദുബായ് ആരംഭിച്ച വേൾഡ് ലോജിസ്റ്റിക്‌സ് പാസ്‌പോർട്ട് സംരംഭത്തെക്കുറിച്ചും യോഗം ചർച്ച ചെയ്തു.ആഗോള വിപണികളിലേക്കുള്ള വ്യാപനത്തിനുള്ള ഒരു കവാടമായി എമിറേറ്റിനെ ഉപയോഗപ്പെടുത്തുന്നതിൽ ദുബായിലെ ഇന്ത്യൻ സംരംഭകർക്കുള്ള വളർച്ചാ അവസരങ്ങളും യോഗം പരിശോധിച്ചു.