ഇന്ത്യ: അന്താരാഷ്ട്ര വിമാന സർവീസുകൾ 2021 ഡിസംബർ 15 മുതൽ പുനരാരംഭിക്കുമെന്ന് വ്യോമയാന വകുപ്പ്

India News

ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾ 2021 ഡിസംബർ 15 മുതൽ പുനരാരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. നവംബർ 26-ന് വൈകീട്ടാണ് DGCA ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയിലേക്കും, ഇന്ത്യയിൽ നിന്നുമുള്ള അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ 2021 ഡിസംബർ 14-ന് 11:59pm വരെ തുടരുമെന്നും DGCA പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു. 2021 ഡിസംബർ 15 മുതൽ വിവിധ വിദേശരാജ്യങ്ങളിലേക്കുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കുമെന്നും, ഇതിന്റെ ഭാഗമായി വിമാനത്താവളങ്ങളിൽ കർശനമായ COVID-19 പരിശോധനകൾ ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയിലേക്കും, ഇന്ത്യയിൽ നിന്നും വിമാന സർവീസ് പുനരാരംഭിക്കുന്ന ഓരോ രാജ്യങ്ങളിലെയും COVID-19 സാഹചര്യങ്ങൾ പ്രകാരമായിരിക്കും ഡിസംബർ 15 മുതൽ വ്യോമയാന സേവനങ്ങളുടെയും, യാത്രികരുടെയും തോത് നിശ്ചയിക്കുന്നതെന്നും DGCA അറിയിച്ചിട്ടുണ്ട്. താഴെ പറയുന്ന രീതിയിലാണ് ഇത്തരം സേവനങ്ങൾ അനുവദിക്കുന്നത്:

  • ഇന്ത്യൻ മിനിസ്ട്രി ഓഫ് ഫാമിലി ആൻഡ് വെൽഫെയർ രോഗവ്യാപന സാധ്യതയുള്ളതായി കണക്കാക്കുന്ന രാജ്യങ്ങളിലേക്കും, തിരികെയുമുള്ള വിമാന സർവീസുകൾ, അത്തരം രാജ്യങ്ങളുമായി ഇന്ത്യ എയർ ബബിൾ കരാറിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ, മഹാമാരിയ്ക്ക് മുൻപ് ഉണ്ടായിരുന്നതിന്റെ 75 ശതമാനം ശേഷിയിലാണ് അനുവദിക്കുന്നത്.
  • എയർ ബബിൾ കരാറില്ലാത്ത, രോഗവ്യാപന സാധ്യതയുള്ളതായി കണക്കാക്കുന്ന രാജ്യങ്ങളിലേക്കും, തിരികെയുമുള്ള വിമാന സർവീസുകൾ അമ്പത് ശതമാനം ശേഷിയിലായിരിക്കും നടപ്പിലാക്കുന്നത്.
  • രോഗവ്യാപന സാഹചര്യങ്ങളില്ലാത്ത രാജ്യങ്ങളിലേക്കും, തിരികെയും പൂർണ്ണ ശേഷിയിൽ വ്യോമയാന സേവനങ്ങൾ അനുവദിക്കുന്നതാണ്.

https://www.mohfw.gov.in/pdf/ListofCountriestobereferredtoincontextofGuidelinesforinternationalarrivalsdated20thOctober2021.pdf എന്ന വിലാസത്തിൽ നിന്ന് ഇന്ത്യൻ മിനിസ്ട്രി ഓഫ് ഫാമിലി ആൻഡ് വെൽഫെയർ രോഗവ്യാപന സാധ്യതയുള്ളതായി കണക്കാക്കുന്ന രാജ്യങ്ങളുടെ പട്ടിക (2021 നവംബർ 26-ന് പുറത്തിറക്കിയത്) ലഭ്യമാണ്. ഇത്തരം രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് പ്രത്യേക പ്രവേശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.