ഇന്ത്യ: വിദേശത്ത് നിന്നെത്തുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ ഡിസംബർ 1 മുതൽ മാറ്റം വരുത്തുന്നു

featured India News

COVID-19 വൈറസിന്റെ ഒമിക്രോൺ എന്ന പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര യാത്രികരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ അറിയിച്ചു. ഈ പുതുക്കിയ മാനദണ്ഡങ്ങൾ 2021 ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

https://twitter.com/MoHFW_INDIA/status/1465215656949731332

നവംബർ 29-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന നിബന്ധനകളാണ് വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഡിസംബർ 1 മുതൽ ബാധകമാക്കുന്നത്.

  • ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും എയർസുവിധ പോർട്ടലിൽ സത്യവാങ്ങ്മൂലം നൽകേണ്ടതാണ്. ഇവർ ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നതിന് 14 ദിവസങ്ങൾക്കിടയിൽ നടത്തിയിട്ടുള്ള മറ്റു യാത്രകളുടെ വിവരങ്ങൾ നൽകേണ്ടതാണ്.
  • കേന്ദ്ര മാർഗനിർദേശങ്ങൾ പ്രകാരം ഉയർന്ന രോഗവ്യാപന സാധ്യതയുള്ളതായി കണക്കാക്കുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് (അവരുടെ വാക്സിനേഷൻ സ്റ്റാറ്റസ് കണക്കിലെടുക്കാതെ തന്നെ ഈ നിർദ്ദേശം ബാധകമാണ്) ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന എയർപോർട്ടിൽ വെച്ച് COVID-19 ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഈ ടെസ്റ്റിന്റെ റിസൾട്ട് ലഭിക്കുന്നത് വരെ ഇവർ എയർപോർട്ടിൽ തുടരേണ്ടതാണ്.
  • ഇന്ത്യയിലെത്തിയ ശേഷം നടത്തുന്ന COVID-19 ടെസ്റ്റിൽ പോസിറ്റീവ് ആകുന്നവരെ ഐസൊലേറ്റ് ചെയ്യുന്നതാണ്. ഇവർക്ക് COVID-19 മാനദണ്ഡങ്ങൾ പ്രകാരമുള്ള ചികിത്സ നൽകുന്നതും, ഇവരുടെ സാമ്പിളുകൾ ജനിതകഘടന പരിശോധനയ്ക്ക് അയക്കുന്നതുമാണ്.
  • ഇന്ത്യയിലെത്തിയ ശേഷം നടത്തുന്ന COVID-19 ടെസ്റ്റിൽ നെഗറ്റീവ് ആകുന്നവർക്ക് എയർപോർട്ടിൽ നിന്ന് പുറത്ത് പോകാൻ അനുവാദം നൽകുന്നതാണ്. എന്നാൽ ഇവർ വീടുകളിൽ 7 ദിവസം സ്വയം ഐസൊലേഷനിൽ തുടരേണ്ടതാണ്. ഇവർ ഇന്ത്യയിലേക്ക് പ്രവേശിച്ച ശേഷം എട്ടാം ദിനം വീണ്ടും ടെസ്റ്റ് നടത്തേണ്ടതാണ്. തുടർന്ന് 7 ദിവസം കൂടി സ്വയം ഐസൊലേഷനിൽ തുടരേണ്ടതാണ്.
  • വിദേശത്ത് നിന്നെത്തുന്നവർ ഇന്ത്യയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ COVID-19 PCR നെഗറ്റീവ് റിസൾട്ട് എയർസുവിധ പോർട്ടലിൽ അപ് ലോഡ് ചെയ്യേണ്ടതാണ്.
  • ഉയർന്ന രോഗവ്യാപന സാധ്യതയുള്ളതായി കണക്കാക്കുന്ന രാജ്യങ്ങളിൽ നിന്നല്ലാതെ, ഇന്ത്യയിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്ന് പ്രവേശിക്കുന്നവരിൽ അഞ്ച് ശതമാനം യാത്രികരെ വിമാനത്താവളങ്ങളിൽ COVID-19 പരിശോധനയ്ക്ക് വിധേയരാക്കുന്നതാണ്. ക്രമാനുസൃതമല്ലാതെയാണ് ഇത്തരം യാത്രികരെ തിരഞ്ഞെടുക്കുന്നത്.
  • എയർപോർട്ടിൽ നിന്നുള്ള പരിശോധനകളിലും, ഹോം ഐസൊലേഷന് ശേഷം എട്ടാം ദിനത്തിലോ നടത്തുന്ന ടെസ്റ്റുകളിലും, ക്രമാനുസൃതമല്ലാതെ തിരഞ്ഞെടുക്കുന്ന അഞ്ച് ശതമാനം യാത്രികരിലെ ടെസ്റ്റുകളിലും പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകൾ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തുന്നതിനായി ജനിതകഘടന പരിശോധനയ്ക്ക് അയക്കുന്നതുമാണ്.

വിദേശത്ത് നിന്നെത്തുന്ന യാത്രികരിലെ പരിശോധനകൾ ശക്തമാക്കാൻ മുഴുവൻ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയതായും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ COVID-19 ഹോട്ട്സ്പോട്ടുകളിലെ പരിശോധന കർശനമാക്കാനും, ജനിതകഘടന പരിശോധന ഉറപ്പ് വരുത്താനും സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

https://www.mohfw.gov.in/pdf/GuidelinesforInternationalarrival28112021.pdf എന്ന വിലാസത്തിൽ ഈ പുതുക്കിയ മാനദണ്ഡങ്ങൾ ലഭ്യമാണ്.

2021 നവംബർ 28-ന് മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ നൽകിയിട്ടുള്ള അറിയിപ്പ് പ്രകാരം താഴെ പറയുന്ന രാജ്യങ്ങളെയാണ് ഉയർന്ന രോഗവ്യാപന സാധ്യതയുള്ളതായി കണക്കാക്കുന്നത്:

  • യു കെ ഉൾപ്പടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ
  • സൗത്ത് ആഫ്രിക്ക
  • ബ്രസീൽ
  • ബംഗ്ലാദേശ്
  • ബോട്സ്വാന
  • ചൈന
  • മൗറീഷ്യസ്
  • ന്യൂസീലാൻഡ്
  • സിംബാബ്‌വെ
  • സിംഗപ്പൂർ
  • ഹോങ്കോങ്ങ്
  • ഇസ്രായേൽ

https://www.mohfw.gov.in/pdf/ListofCountriestobereferredtoincontextofGuidelinesforinternationalarrivalsdated11thNovember2021updatedon28112021ver4.pdf എന്ന വിലാസത്തിൽ ഈ പട്ടിക ലഭ്യമാണ്.