ദുബായ്: ഇന്ത്യ – യു എ ഇ പങ്കാളിത്ത ഉച്ചകോടി ജനുവരി 23 മുതൽ

featured GCC News

ഇരുരാജ്യങ്ങളും തമ്മിലുള്ള ബിസിനസ്സ് ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, സാമ്പത്തിക ബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഇന്ത്യ – യു എ ഇ പങ്കാളിത്ത ഉച്ചകോടി 2023 ജനുവരി 23 മുതൽ ദുബായിൽ ആരംഭിക്കും. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇന്റർനാഷണൽ ബിസിനസ് ലിങ്കേജ് ഫോറം, ദുബായ് ചേംബേഴ്സ് എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന ഈ ഉച്ചകോടി 2023 ജനുവരി 23 മുതൽ 25 വരെയാണ്. CEPA കരാറിന്റെയും, യു എ ഇയിലെ ഗോൾഡൻ വിസകളുടെ പ്രഖ്യാപനത്തിന്റെയും പിൻബലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ് താൽപര്യം ഉയർന്നതിനെ തുടർന്നാണ് ഇത്തരം ഒരു ഉച്ചകോടി സംഘടിപ്പിക്കുന്നത്.

വിദേശ കമ്പനികളെ എമിറേറ്റിലേക്ക് ആകർഷിക്കുന്നതിനും ദുബായ് ബിസിനസുകളെ അന്താരാഷ്ട്ര തലത്തിൽ വിപുലീകരിക്കുന്നതിനുമുള്ള ദുബായ് ചേംബേഴ്സിന്റെ മുൻഗണനയുടെ ഭാഗമായാണ് ഈ ഉച്ചകോടി. ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയും 2021-ൽ യു എ ഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയുമാണ്.

യു എ ഇയുമായി ഉഭയകക്ഷി വ്യാപാര കരാർ ഒപ്പിടുന്ന ആദ്യ രാജ്യമെന്ന നിലയിൽ, യു എ ഇയുടെ സമ്പദ്‌വ്യവസ്ഥയുടെ അവിഭാജ്യഘടകമാണ് ഇന്ത്യ. 2021-ലെ കണക്കുകൾ പ്രകാരം യു എ ഇയിൽ ഏതാണ്ട് 3.5 ദശലക്ഷം ( യു എ ഇയിലെ ജനസംഖ്യയുടെ 30% ) ഇന്ത്യൻ പൗരന്മാരുമുണ്ട്.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ ഉച്ചകോടിയിൽ ഇന്ത്യയും യു എ ഇയും തമ്മിലുള്ള വ്യാപാര സാധ്യതകൾ ഉൾപ്പെടെയുള്ള പ്രസക്തമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതാണ്. ഉൽപ്പാദനം, സ്റ്റാർട്ടപ്പുകൾ, ഹെൽത്ത് കെയർ, ഫുഡ് പ്രോസസിംഗ്, യു എ ഇയുടെ ഗോൾഡൻ വിസ തുടങ്ങി സംരംഭകർക്കും നിക്ഷേപകർക്കും ഒരുപോലെ ഉപകാരപ്പെടുന്ന നിരവധി മേഖലകളും, അതിന്റെ സാധ്യതകളും ഇതിൽ ഉൾപ്പെടുന്നു.

ദുബായിൽ സ്ഥാപിക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്ത ബിസിനസുകളിൽ നിന്നുള്ള വിജയഗാഥകളും ഈ ഉച്ചകോടിയിൽ അവതരിപ്പിക്കുന്നതാണ്. വ്യാപാരത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും ഭാവിയെ സ്വാധീനിക്കുന്ന തന്ത്രപരമായ പ്രശ്‌നങ്ങളും പ്രവണതകളും ചർച്ച ചെയ്യുന്നതിനായി ഇരു രാജ്യങ്ങളിലെയും പൊതു, സ്വകാര്യ മേഖലകളിലെ പ്രമുഖ ബിസിനസ്സ്, ഗവൺമെന്റ് പ്രതിനിധികൾ ഈ ഉച്ചകോടിയിൽ പങ്കെടുക്കുന്നതാണ്.

2018-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ദുബായ് ഇന്റർനാഷണൽ ചേംബറിന്റെ മുംബൈയിലെ ഇന്റർനാഷണൽ ഓഫീസ്, മാർക്കറ്റ് ഇന്റലിജൻസ് പങ്കിടുന്നതിനും ഇരുപക്ഷത്തിനും അവരുടെ അന്താരാഷ്ട്ര സാന്നിധ്യം വളർത്തുന്നതിനുള്ള അവസര മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി യു എ ഇയിലെയും ഇന്ത്യയിലെയും ബിസിനസുകളുമായി തുടർച്ചയായി ഇടപഴകുന്നു. ബി2ബി മീറ്റിംഗുകൾ, ട്രേഡ് മിഷനുകൾ, നെറ്റ്‌വർക്കിംഗ് ഇവന്റുകൾ, ബയർ-സെല്ലർ മീറ്റിംഗുകൾ എന്നിവയിലൂടെ ഈ ഓഫീസ് ദുബായിലെയും, ഇന്ത്യയിലെയും ബിസിനസ്സ് കമ്മ്യൂണിറ്റികളെ പിന്തുണയ്ക്കുന്നു.

WAM