വിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള പുതുക്കിയ യാത്രാ നിബന്ധനകൾ 2021 ഫെബ്രുവരി 22-ന് രാത്രി 23:59 മുതൽ പ്രാബല്യത്തിൽ വന്നു. പുതുക്കിയ യാത്രാ നിബന്ധനകൾ പ്രകാരം പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന കുട്ടികൾ ഉൾപ്പടെയുള്ള മുഴുവൻ യാത്രികർക്കും രാജ്യത്ത് പ്രവേശിക്കുന്നതിന് മുൻപ്, 72 മണിക്കൂറിനിടയിൽ നേടിയ RT-PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.
യു എ ഇ ഉൾപ്പടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് നേരിട്ടോ, ട്രാൻസിറ്റ് യാത്രികരായോ യാത്ര ചെയ്യുന്നവർക്കുള്ള പുതുക്കിയ യാത്രാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ഇന്ത്യൻ മിനിസ്ട്രി ഓഫ് സിവിൽ ഏവിയേഷൻ ഫെബ്രുവരി 17-ന് അറിയിപ്പ് നൽകിയിരുന്നു. ഈ പുതുക്കിയ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വന്നതോടെ വിദേശ യാത്രികർ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് സംബന്ധിച്ച് 2020 ഓഗസ്റ്റിൽ പുറത്തിറക്കിയ നിർദ്ദേശങ്ങൾ അസാധുവായിട്ടുണ്ട്.
യുകെ, ബ്രസീൽ, സൗത്ത് ആഫ്രിക്ക മുതലായ രാജ്യങ്ങളിൽ നിന്നെത്തുന്നവരിൽ കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന വകഭേദം കണ്ടെത്തിയതിനെത്തുടർന്നാണ് യാത്രാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കാൻ ഇന്ത്യ തീരുമാനിച്ചത്. യുകെ, ബ്രസീൽ, സൗത്ത് ആഫ്രിക്ക മുതലായ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികരെ പ്രത്യേകം കണ്ടെത്തി വേർതിരിക്കുന്നതിന് സഹായിക്കുന്ന നിർദ്ദേശങ്ങളാണ് മന്ത്രാലയം ഇപ്പോൾ നടപ്പിലാക്കുന്നത്. ഇതോടെ പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് നേരിട്ടോ, ട്രാൻസിറ്റ് യാത്രികരായോ യാത്ര ചെയ്യുന്നവർ, യാത്രാവേളയിലുണ്ടായേക്കാവുന്ന തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി, താഴെ പറയുന്ന യാത്രാ മാനദണ്ഡങ്ങൾ കർശനമായും പാലിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
- യു കെ, യൂറോപ്പ്, പശ്ചിമേഷ്യന്‍ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കെത്തുന്നവർക്ക്, യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിന് മുൻപ് തങ്ങളുടെ വിവരങ്ങൾ (14 ദിവസത്തിനിടയിൽ നടത്തിയ യാത്രകൾ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പടെ) https://www.newdelhiairport.in/airsuvidha/apho-registration (എയർ സുവിധാ പോർട്ടൽ) എന്ന വിലാസത്തിൽ നിർബന്ധമായും നൽകേണ്ടതാണ്. ഇതോടൊപ്പം ഇന്ത്യയിലെത്തിയ ശേഷമുള്ള ക്വാറന്റീൻ നടപടികൾ അനുസരിച്ച് കൊള്ളാമെന്ന് സ്വയം സാക്ഷ്യപ്പെടുത്തേണ്ടതുമാണ്.
- കുട്ടികൾ ഉൾപ്പടെ മുഴുവൻ യാത്രികരും, യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിന് മുൻപ് ലഭിച്ച RT-PCR പരിശോധനാ ഫലം ‘എയർ സുവിധാ പോർട്ടലിൽ’ നൽകേണ്ടതാണ്. പ്രായ/ ലിംഗ വ്യത്യാസമില്ലാതെ മുഴുവൻ യാത്രികർക്കും RT-PCR റിസൾട്ട് നിർബന്ധമാണെന്ന് https://www.newdelhiairport.in/covid19-rtpcr-test-appointment-booking എന്ന വിലാസത്തിൽ ന്യൂ ഡൽഹി എയർപോർട്ട് നൽകുന്ന ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിന് മുൻപ് ലഭിച്ച RT-PCR പരിശോധനാ ഫലം നിർബന്ധമായും എയർ സുവിധാ പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
- കുടുംബത്തിലുണ്ടായ മരണത്തെത്തുടർന്ന് യാത്ര ചെയ്യുന്ന അടിയന്തിര സാഹചര്യമുള്ള യാത്രികർക്ക് മാത്രമാണ് ഈ അറിയിപ്പ് പ്രകാരം ഫെബ്രുവരി 23 മുതൽ RT-PCR പരിശോധനാ ഫലം കൂടാതെ ഇന്ത്യയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയിട്ടുള്ളത്. ഈ ഇളവ് ലഭിക്കുന്നതിനായി ഇത്തരം യാത്രികർ നിർബന്ധമായും എയർ സുവിധാ പോർട്ടലിലൂടെ ഈ അടിയന്തിര യാത്രയ്ക്കുള്ള പ്രത്യേക അനുമതി നേടേണ്ടതാണ്. https://www.newdelhiairport.in/airsuvidha/covid-19-exemption-international-passenger എന്ന വിലാസത്തിൽ ഈ ഇളവിനായി അപേക്ഷിക്കാവുന്നതാണ്.
- മുഴുവൻ യാത്രികർക്കും (ട്രാൻസിറ്റ് യാത്രികർ ഉൾപ്പടെ) ഇന്ത്യയിലെത്തിയ ശേഷം എയർപോർട്ടിൽ COVID-19 പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ഇതിന്റെ ചെലവ് യാത്രികർ വഹിക്കേണ്ടതാണ്.
- യാത്രികർ തങ്ങളുടെ കൈവശം യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിന് മുൻപ് ലഭിച്ച RT-PCR പരിശോധനാ ഫലത്തിന്റെ ഒറിജിനൽ, സ്വയം സാക്ഷ്യപത്രം എന്നിവ കരുതേണ്ടതാണ്. സ്വയം സാക്ഷ്യ പത്രത്തിൽ നൽകിയിട്ടുള്ള ഫോൺ നമ്പർ, അഡ്രസ് എന്നിവ ഇന്ത്യയിലെത്തിയ ശേഷം എയർപോർട്ടിൽ വെച്ച് പരിശോധിച്ചുറപ്പിക്കുന്നതാണ്.
ഇത്തരം നിർദ്ദേശങ്ങൾ പാലിക്കാത്തവർക്ക് ഇന്ത്യയിലേക്കുള്ള വിമാനങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെടുന്നതാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഈ പുതിയ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വന്നതോടെ ഇന്ത്യയിലെത്തുന്നവർക്ക് നടപടികൾ പൂർത്തിയാക്കുന്നതിനായി വിമാനത്താവളങ്ങളിൽ കൂടുതൽ സമയം ചെലവിടേണ്ട സാഹചര്യം ഉണ്ടാകാനിടയുണ്ടെന്ന് വ്യോമയാന മന്ത്രാലയം യാത്രികർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യൻ വിമാനത്താവളങ്ങളിലെത്തുന്ന അന്താരാഷ്ട്ര യാത്രികർക്ക് ഡൊമസ്റ്റിക് കണക്ഷൻ ഫ്‌ളൈറ്റുകൾക്കായി ചുരുങ്ങിയത് ആറ് മുതൽ എട്ട് മണിക്കൂർ വരെ താമസം നേരിടാവുന്നതാണെന്നാണ് അധികൃതർ നൽകുന്ന സൂചന.
Photo: WAM