യു എ ഇയിലെ ഇന്ത്യൻ സമൂഹത്തോട് COVID-19 വാക്സിനേഷൻ യത്നത്തിൽ പങ്കെടുത്ത് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ ഇന്ത്യൻ അംബാസഡർ H.E. പവൻ കപൂർ ആഹ്വാനം ചെയ്തു. ജനുവരി 26, ചൊവ്വാഴ്ച്ച എംബസിയിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
പ്രവാസി സമൂഹത്തിനായി എംബസിയിലെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ തത്സമയം പങ്ക് വെച്ചിരുന്നു. റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി അദ്ദേഹം എംബസി അങ്കണത്തിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി. എംബസിയിലെ ഉദ്യോഗസ്ഥരും, കുടുംബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. തുടർന്ന് നടന്ന പ്രസംഗത്തിലാണ് അദ്ദേഹം ഇന്ത്യൻ സമൂഹത്തോട് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ ആവശ്യപ്പെട്ടത്.
യു എ ഇയിലും, ഇന്ത്യയിലും ആരംഭിച്ചിട്ടുള്ള വാക്സിനേഷൻ നടപടികളിൽ അദ്ദേഹം ആഹ്ലാദം രേഖപ്പെടുത്തി. യു എ ഇയിലെ ഇന്ത്യക്കാരോട് യു എ ഇ മാനദണ്ഡങ്ങൾ പ്രകാരം COVID-19 വാക്സിനേഷൻ യത്നത്തിൽ പങ്കാളികളാകാനും, അതിലൂടെ ഈ മഹാമാരിയുടെ അവസാനത്തിന് തുടക്കമിടാനും അദ്ദേഹം ആഹ്വാനം ചെയ്തു.
വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവർ ജാഗ്രത തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹ അകലം, മാസ്കുകളുടെ ഉപയോഗം തുടങ്ങിയ വിവിധ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Photo: @IndembAbuDhabi