പണമിടപാടുകൾക്കായി ഡിജിറ്റൽ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ യാത്രികരോട് ഒമാൻ എയർപോർട്ട്സ് നിർദ്ദേശിച്ചു

GCC News

രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്രികരോട് പണമിടപാടുകൾക്കായി ഡിജിറ്റൽ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ ഒമാൻ എയർപോർട്ട്സ് നിർദ്ദേശിച്ചു. ജനുവരി 25-നാണ് ഒമാൻ എയർപോർട്ട്സ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

നിലവിലെ COVID-19 സാഹചര്യത്തിൽ വ്യോമയാത്രികരുടെ സുരക്ഷ മുൻനിർത്തിയാണ് ഈ നിർദ്ദേശം. വിമാനത്താവളങ്ങളിലെ ജീവനക്കാരുമായി യാത്രികരുടെ സമ്പർക്കം പരമാവധി ഒഴിവാക്കുന്നതിനായാണ് ഇത്തരം ഒരു നിർദ്ദേശം അധികൃതർ മുന്നോട്ട് വെച്ചിട്ടുള്ളത്.

“കറൻസി നോട്ടുകളിലൂടെയുള്ള പണമിടപാടുകൾ പരമാവധി ഒഴിവാക്കാനും, പണമിടപാടുകൾക്കായി സമ്പർക്കം ആവശ്യമില്ലാത്ത ഡിജിറ്റൽ സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്താനും ഞങ്ങൾ യാത്രികരോട് ആഹ്വാനം ചെയ്യുന്നു.”, ഒമാൻ എയർപോർട്ട്സ് ഇത് സംബന്ധിച്ച് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.