സാധുതയുള്ള വിസകളിലുള്ള ഇന്ത്യക്കാർക്ക് ബഹ്‌റൈനിലേക്ക് യാത്ര ചെയ്യാമെന്ന് ഇന്ത്യൻ എംബസി

featured GCC News

റെസിഡൻസി വിസകളിലുള്ളവർക്ക് പുറമെ, ബഹ്‌റൈനിൽ നിന്നുള്ള സാധുതയുള്ള എല്ലാ വിസകളിലുള്ളവർക്കും രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു. രാജ്യത്തേക്ക് നേരിട്ടുള്ള പ്രവേശനം അനുവദിക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളുടെ പട്ടികയായ റെഡ് ലിസ്റ്റിൽ നിന്ന് 2021 സെപ്റ്റംബർ 3, വെള്ളിയാഴ്ച്ച മുതൽ ഇന്ത്യയെ ഒഴിവാക്കിയ സാഹചര്യത്തിലാണ് ഈ അറിയിപ്പ്.

സെപ്തംബർ 6-നാണ് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി ഈ അറിയിപ്പ് പുറത്തിറക്കിയത്. ബഹ്‌റൈനിൽ നിന്നുള്ള സാധുതയുള്ള വിസകളിലുള്ളവർക്ക് താഴെ പറയുന്ന മാനദണ്ഡങ്ങൾ പ്രകാരം, പ്രവേശിക്കാമെന്നാണ് ഇന്ത്യൻ എംബസി അറിയിച്ചിരിക്കുന്നത്:

  • ഇന്ത്യയിൽ നിന്ന് യാത്ര പുറപ്പെടുന്നവർ ബഹ്റൈനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, 72 മണിക്കൂറിനിടയിൽ ലഭിച്ച PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ഇതിൽ QR കോഡ് ഉണ്ടായിരിക്കണം.
  • രാജ്യത്തെത്തുന്ന മുഴുവൻ പേർക്കും ബഹ്‌റൈനിലെ വിമാനത്താവളത്തിൽ വെച്ചും, അഞ്ചാം ദിനത്തിലും, പത്താം ദിനത്തിലും PCR പരിശോധന നടത്തുന്നതാണ്. 6 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഈ ഒഴിവാക്കിയിട്ടുണ്ട്.
  • യാത്രികർ 10 ദിവസത്തേക്ക് വീടുകളിലോ, NHRA ഒരുക്കിയിട്ടുള്ള കേന്ദ്രങ്ങളിലോ ക്വാറന്റീനിൽ തുടരേണ്ടതാണ്. 12 വയസിന് താഴെ പ്രായമുള്ളവർക്ക് 5 ദിവസത്തേക്കാണ് ക്വാറന്റീൻ ഏർപ്പെടുത്തുന്നത്.

https://bahrainairport.bh/covid-19-travel-information എന്ന വിലാസത്തിൽ ഇത് സംബന്ധിച്ചുള്ള വിശദമായ വിവരങ്ങൾ ലഭ്യമാണ്.

ബഹ്റൈനിലേക്ക് നേരിട്ടുള്ള പ്രവേശനം അനുവദിക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളുടെ പട്ടികയായ റെഡ് ലിസ്റ്റിൽ 2021 സെപ്റ്റംബർ 3 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായും, ഇന്ത്യയെ ഈ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായും സിവിൽ ഏവിയേഷൻസ് അഫയേഴ്‌സ് ഓഗസ്റ്റ് 31-ന് അറിയിച്ചിരുന്നു. ബഹ്‌റൈൻ പൗരന്മാർ, ബഹ്‌റൈനിൽ റെസിഡൻസി വിസകളുള്ള പ്രവാസികൾ എന്നിവർക്ക് മാത്രമാണ് റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് ബഹ്റൈനിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. എന്നാൽ സെപ്റ്റംബർ 3 മുതൽ ഇന്ത്യയെ ഈ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സാഹചര്യത്തിൽ ബഹ്‌റൈനിൽ നിന്നുള്ള സാധുതയുള്ള എല്ലാ വിസകളിലുള്ളവർക്കും പ്രവേശനം അനുവദിക്കുന്നതാണ്.