COVID-19 നിയന്ത്രണങ്ങൾ മൂലം കുവൈറ്റിലേക്ക് തിരികെയെത്താൻ സാധിക്കാത്ത ഇന്ത്യക്കാരുടെ വിവരശേഖരണത്തിനായി ഒരു പ്രത്യേക റജിസ്‌ട്രേഷൻ സംവിധാനം ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. അർഹതയുള്ള വിഭാഗങ്ങളിലുള്ള ഇന്ത്യയിൽ കുടുങ്ങികിടക്കുന്ന ഇത്തരം പ്രവാസികളെ കുവൈറ്റിലേക്ക് തിരികെയെത്തിക്കുന്നതിന് ആവശ്യമായ ശ്രമങ്ങൾ കുവൈറ്റ് അധികൃതരുമായി ചേർന്ന് നടപ്പിലാക്കുന്നതിനായുള്ള പ്രാരംഭ നടപടി എന്ന രീതിയിലാണ് ഈ റജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നത്. ഈ റജിസ്‌ട്രേഷൻ കുവൈറ്റിലേക്ക് തിരികെ മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ ഏറ്റവും പുതിയ കണക്കുകൾ ശേഖരിക്കുന്നതിനായാണ് എംബസി നടപ്പിലാക്കുന്നത്.
2020 മാർച്ച് 13 മുതൽ COVID-19 നിയന്ത്രണങ്ങൾ മൂലം ആയിരകണക്കിന് ഇന്ത്യക്കാരാണ് കുവൈറ്റിലേക്ക് മടങ്ങാനാകാതെ ഇന്ത്യയിൽ തുടരുന്നത്. 2020 ഓഗസ്റ്റിൽ വ്യോമയാന വിലക്കുകൾ കുവൈറ്റ് പിൻവലിച്ചിരുന്നെങ്കിലും വൈറസ് വ്യാപനം രൂക്ഷമായ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് നേരിട്ട് പ്രവേശനം അനുവദിച്ചിരുന്നില്ല. തുടർന്ന് 2020 ഡിസംബർ 21 വരെ യാത്ര വിലക്കുകളില്ലാത്ത മറ്റു രാജ്യങ്ങളിൽ 14 ദിവസത്തെ ക്വാറന്റീനിനു ശേഷം ഇന്ത്യക്കാർക്ക് കുവൈറ്റിലേക്ക് പ്രവേശനം നൽകിയിരുന്നു. നിലവിൽ 2021 ഫെബ്രുവരി 7 മുതൽ കുവൈറ്റ് വിദേശികൾക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നില്ല.
കുവൈറ്റിലേക്ക് തിരികെ മടങ്ങാനാകാതെ ഇന്ത്യയിൽ തുടരുന്ന താഴെ പറയുന്ന വിഭാഗങ്ങളിലുള്ളവർക്ക് ഈ റജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്:
- ഇന്ത്യയിൽ തുടരുന്ന കാലയളവിൽ കുവൈറ്റ് റെസിഡൻസി വിസകളുടെ കാലാവധി അവസാനിച്ചവർ.
- തിരികെ മടങ്ങാൻ സാധിക്കാത്തതിനാൽ കുവൈറ്റിലെ ജോലി നഷ്ടമായവർ.
- വീട്ടുസാധനങ്ങൾ മുതലായ സ്വകാര്യ വസ്തുക്കൾ കുവൈറ്റിൽ ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നവർ.
- കുടുംബങ്ങൾ ഇപ്പോഴും കുവൈറ്റിലുള്ളവർ.
- കുവൈറ്റിലെ ജോലിയിൽ തിരികെ പ്രവേശിക്കേണ്ടതായിട്ടുള്ളവർ.
- ശമ്പള കുടിശ്ശിക, നഷ്‌ടപരിഹാരം മുതലായവ ലഭിക്കാനുള്ളവർ.
ഈ വിഭാഗങ്ങളിൽ പെടുന്നവർക്ക് https://docs.google.com/forms/d/e/1FAIpQLSdmHzfFP8ABp1-xRUZbyhBvGp39FQg2LhSEmBLjiMJcseC1Ng/viewform എന്ന വിലാസത്തിലൂടെ ഈ റജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. ഈ റജിസ്‌ട്രേഷൻ നിലവിൽ ഇത്തരത്തിൽ ബാധിക്കപ്പെട്ടവരുടെ ഏറ്റവും പുതിയ കണക്കുകൾ ശേഖരിക്കുന്നതിനും, ഇത്തരത്തിലുള്ളവരുടെ വിവര ശേഖരണത്തിന് മാത്രമാണെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്.
വിവരങ്ങൾ ശേഖരിച്ച ശേഷം ഇത്തരത്തിൽ ബാധിക്കപ്പെട്ടവരുടെ വിഷയങ്ങളിൽ തീർപ്പ് ഉണ്ടാകുന്നതിന് ആവശ്യമായ ചർച്ചകൾ എംബസിയുടെ നേതൃത്വത്തിൽ കുവൈറ്റിലെ അധികൃതരുമായി ഉണ്ടാകുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് cw1.kuwait@mea.gov.in എന്ന ഇമെയിൽ വിലാസത്തിലൂടെ എംബസിയുമായി ബന്ധപ്പെടാവുന്നതാണ്. ഒരു വ്യക്തി ഒരു തവണ മാത്രമേ ഈ റജിസ്‌ട്രേഷനിൽ പങ്കെടുക്കാവൂ എന്നും എംബസി അറിയിച്ചിട്ടുണ്ട്.