മാലിദ്വീപിൽ നിന്നുള്ള പ്രവാസികളുടെ മടക്കയാത്ര മെയ് 8 മുതൽ

India News

കൊറോണ വൈറസ് പശ്ചാത്തലത്തിൽ മാലിദ്വീപിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ തിരികെയെത്തിക്കുന്നതിനുള്ള നടപടികൾ മെയ് 8 മുതൽ ആരംഭിക്കുമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. ഈ നടപടികളുടെ ആദ്യ ഘട്ടത്തിൽ, മാലിദ്വീപിന്റെ തലസ്ഥാനമായ മാലിയിൽ നിന്ന് മെയ് 8-നു നാവിക സേനയുടെ കപ്പൽ 700 യാത്രികരുമായി കൊച്ചിയിലേക്ക് യാത്ര തിരിക്കും.

മാലിയിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്നവരുമായി ഇന്ത്യൻ ഹൈക്കമ്മീഷൻ ബന്ധപ്പെട്ടുവരികയാണ്. ആദ്യ ഘട്ടത്തിൽ അടിയന്തിര സാഹചര്യങ്ങൾ ഉള്ള തൊഴിൽ നഷ്ടമായവർ, ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, ഗർഭിണികൾ, സന്ദർശക വിസയിലെത്തിയവർ മുതലായവർക്കായിരിക്കും മുൻഗണന എന്നും ഹൈക്കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഇന്ത്യൻ നേവിയുടെ 3 കപ്പലുകൾ മാലിദ്വീപിലെയും, യു എ ഇയിലെയും പ്രവാസികളെ തിരികെയെത്തിക്കാനായി യാത്രതിരിച്ചതായാണ് ഡിഫെൻസ് വൃത്തങ്ങളിൽ നിന്നുള്ള സൂചനകൾ. ഐ.എൻ.എസ്. ജലാശ്വ, ഐ.എൻ.എസ്. മഗാർ എന്നീ കപ്പലുകൾ മാലിദ്വീപിലേക്കും, ഐ.എൻ.എസ്. ശാർദൂൽ ദുബായിലേക്കുമാണ് യാത്ര തിരിച്ചത്. ഇവ പ്രവാസികളുമായി കൊച്ചിയിലായിരിക്കും തിരികെയെത്തുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.