സൗദി അറേബ്യയിലെ വിവിധ ഇന്ത്യൻ പാസ്പോർട്ട് സേവന കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ ജൂൺ 3, ബുധനാഴ്ച്ച മുതൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായി സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കേർപ്പെടുത്തിയിരുന്ന COVID-19 നിയന്ത്രണങ്ങളിൽ സൗദി സർക്കാർ ഇളവുകൾ അനുവദിച്ചതോടെയാണ് ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചത്. കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 13 മുതൽ ഈ കേന്ദ്രങ്ങളിലെ സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ജൂൺ 3 മുതൽ VFS ഗ്ലോബലിനു കീഴിലുള്ള, സൗദിയിലെ വിവിധ നഗരങ്ങളിലുള്ള, പാസ്സ്പോർട്ട്/ വിസ സേവന കേന്ദ്രങ്ങൾ ഘട്ടം ഘട്ടമായി പ്രവർത്തനമാരംഭിക്കും. കർശനമായ COVID-19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുക എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ജൂൺ 3 മുതൽ ഘട്ടം ഘട്ടമായി പ്രവർത്തനമാരംഭിക്കുന്ന ഇന്ത്യൻ പാസ്പോർട്ട് സേവന കേന്ദ്രങ്ങൾ:
നഗരം | തീയതി | പ്രവർത്തന സമയം (ശനി – വ്യാഴം) |
---|---|---|
റിയാദ് – ഉം അൽ ഹമാം | 3 ജൂൺ മുതൽ | 8.30 AM – 5 PM |
റിയാദ് – ബത്ത | 3 ജൂൺ – 15 ജൂൺ | 8.30 AM – 5 PM |
അൽ ഖോബാർ | 3 ജൂൺ – 15 ജൂൺ | 8.30 AM – 5 PM |
ദമ്മാം | 7 ജൂൺ മുതൽ | 8.30 AM – 5 PM |
ജുബൈൽ | 7 ജൂൺ മുതൽ | 8.30 AM – 5 PM |
ബുറൈദ | 7 ജൂൺ മുതൽ | 8.30 AM – 5 PM |
ഹൈൽ | 7 ജൂൺ മുതൽ | 8.30 AM – 5 PM |
സന്ദർശകരുടെയും, ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇത്തരം കേന്ദ്രങ്ങളിൽ നിർബന്ധമായും പാലിക്കേണ്ട ഏതാനം സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച വിവരങ്ങളും അധികൃതർ അറിയിച്ചിട്ടുണ്ട്.
- മുൻകൂട്ടി സന്ദർശനാനുമതി നേടിയിട്ടുള്ളവർക്ക് മാത്രമായിരിക്കും സേവനങ്ങൾ ലഭ്യമാക്കുക.
- info.inriyadh@vfshelpline.com എന്ന ഇമെയിൽ വിലാസത്തിലേക്ക് സന്ദേശം അയച്ചു കൊണ്ടോ, 920006139 എന്ന നമ്പറിലേക്ക് വിളിച്ചോ മുൻകൂറായി സന്ദർശന അനുവാദം നേടാവുന്നതാണ്.
- അനുവാദം ലഭിക്കുന്നവർ മുൻകൂട്ടി അറിയിച്ചിട്ടുള്ള സമയത്തിനനുസരിച്ച് മാത്രം സേവനകേന്ദ്രങ്ങൾ സന്ദർശിക്കുക. അനുവാദം ലഭിച്ച വ്യക്തിക്ക് മാത്രമേ സേവന കേന്ദ്രങ്ങളിലേക്ക് പ്രവേശനം ലഭിക്കുകയുള്ളൂ. കൂടെയുള്ളവർക്ക് പ്രവേശനാനുമതി നൽകില്ല എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
- സന്ദർശകർക്ക് മാസ്കുകൾ നിർബന്ധമാണ്. മാസ്കുകൾ ഇല്ലാതെ പ്രവേശനം അനുവദിക്കില്ല.
- തിരക്കുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പാസ്സ്പോർട്ട് കാലാവധി കഴിഞ്ഞവർ, പാസ്സ്പോർട്ട് കാലാവധി ഉടൻ അവസാനിക്കുന്നവർ, അടിയന്തിരമായി യാത്ര ചെയ്യാനിരിക്കുന്നവർ, റെസിഡൻസി വിസ പുതുക്കേണ്ടവർ എന്നിവർക്കായിരിക്കും സന്ദർശനങ്ങൾക്ക് മുൻഗണന ലഭിക്കുക.
- കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിനായി സന്ദർശകർ ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കി. രോഗലക്ഷണങ്ങൾ ഉള്ളവർക്ക് പ്രവേശനം അനുവദിക്കില്ല എന്നും, തെർമൽ സ്കാനിങ്ങിനു ശേഷം മാത്രമേ പ്രവേശനം നൽകു എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.