മൗണ്ട് എവറസ്റ്റ് ഡേ

Editorial
മൗണ്ട് എവറസ്റ്റ് ഡേ – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

വ്യക്തികൾ അസാധാരണക്കാരാകാൻ തീരുമാനിക്കുന്നില്ല, അവർ അസാധാരണ കാര്യങ്ങൾ ചെയ്യുവാൻ തീരുമാനമെടുക്കുന്നു.” സമുദ്ര നിരപ്പിൽ നിന്ന് ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റ് ആദ്യമായി കീഴടക്കിയ എഡ്‌മണ്ട് ഹിലാരിയുടെ വരികളാണിത്. ഏതൊരു സാധാരണക്കാരിലും പ്രതീക്ഷയുടെ കൊടുമുടികൾ കീഴടക്കാൻ പ്രചോദനം നൽകുന്ന വരികൾ.

ഹിമാലയ പർവ്വത നിരകളിൽ, നേപ്പാൾ ചൈന അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മൗണ്ട്‌ എവറസ്റ്റ്. 1865-ൽ ബ്രിട്ടീഷ് സർവേയറും ആർമി ഓഫീസറുമായിരുന്ന സർ ആൻഡ്രൂ വോ, തന്റെ മുൻഗാമിയായിരുന്ന കേണൽ സർ ജോർജ് എവറസ്റ്റിന്റെ പേരിൽനിന്നുമാണു ഈ കൊടുമുടിക്ക് മൗണ്ട് എവറസ്റ്റ് എന്ന നാമം നൽകിയത്. സമുദ്രനിരപ്പിൽനിന്നും 8849 മീറ്റർ ഉയരമുള്ള എവറസ്റ്റ്‌ കൊടുമുടി 1953-ൽ മേയ് 29-ന്‌ എഡ്‌മണ്ട് ഹിലാരി, ടെൻസിങ് നോർഗേ എന്നിവരാണ്‌ ആദ്യമായി കീഴടക്കിയത്. പിൽക്കാലത്ത് മെയ് 29 ഇന്റർനാഷണൽ എവറസ്റ്റ് ദിനമായി ആചരിച്ച് പോരുന്നതും ഈ ഓർമ്മയിലാണ്.

Tenzing and Hillary. Photo from the collection of John Henderson. [Source]

1953-ലെ വിജയകരമായ പര്യവേഷണം, ബ്രിഗേഡിയർ ജോൺ ഹണ്ട് ആണ് നയിച്ചത്. 400 പേർ ഉൾപ്പെട്ടതായിരുന്നു അന്നത്തെ പര്യവേഷണം. ഇതിൽ 362 പോർട്ടർമാരും, 20 ഷെർപ്പകളും, ഏകദേശം 4500 കിലോ വരുന്ന കൈചുമടും ഉൾപ്പെടുന്നു. മുകളിലേക്ക് കൊണ്ടുപോകേണ്ട സാമഗ്രികളൊക്കെ ഷെർപ്പകൾ എന്ന ഒരു ജനവിഭാഗക്കാരാണ് കൊണ്ടെത്തിച്ചിരുന്നത്. ഷെർപ്പകളുടെ സഹായമില്ലതെ എവറസ്റ്റ് കീഴടക്കൽ ഒരിക്കലും സാധ്യമാകുമായിരുന്നില്ലെന്ന് വിലയിരുത്തപ്പെടുന്നു. കാരണം അവർക്ക് കൈരേഖപോലെ പരിചിതമാണ് ആ മഞ്ഞുമലകളും അതിലൂടെയുള്ള വഴികളും.

മെയ് 26-ന് ഹണ്ടിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം കൊടുമുടി ലക്ഷ്യമാക്കി നീങ്ങിയെങ്കിലും, അതിലുൾപ്പെട്ട ഇവാൻസിന്റെ ഓക്സിജൻ ലഭിക്കുന്നതിനുള്ള ഉപകരണത്തിനു കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് മുന്നോട്ട് പോകാനായില്ല; ജോൺ ഹണ്ട് ഹിലാരിയോടും കൂടെയുള്ള ഷെർപ്പയായ ടെൻസിങ്ങിനോടും ഉദ്യമം തുടർന്നുകൊള്ളാൻ പറയുന്നു. അവർ ഇരുവരും കൊടുമുടി ലക്ഷ്യമാക്കി നീങ്ങുകയും ആ ചരിത്ര യജ്ഞത്തിന് ലോകം സാക്ഷികളാകുകയും ചെയ്തു. എവറെസ്റ് കൊടുമുടിയുടെ അവസാന തടസ്സങ്ങളിലൊന്നായ 40 അടി ഉയരമുള്ള ഒരു ചെങ്കുത്തായ പാറയിൽ അന്ന് ഹിലരി കൈകൊണ്ട് നിർമ്മിച്ച പടവുകൾ പിന്നീട് ആ വഴി സഞ്ചരിച്ചവർക്ക് ഹിലരി സ്‌റ്റെപ്സ് ആയി മാറി. ബുദ്ധമത വിശ്വാസിയായ ടെൻസിങ് തന്റെ കൈവശമുണ്ടായിരുന്ന കുറച്ച് മിഠായികൾ അവിടെ നിക്ഷേപിക്കുകയും, അവിടെ നിന്ന് ഫോട്ടോകൾ എടുക്കുകയും ചെയ്തു.

പിൽക്കാലത്ത് ടെൻസിങ് എഴുതിയ ആത്മകഥയിൽ ഇങ്ങിനെ എഴുതി ചേർത്തു “ഹിലരി ആദ്യം കയറുകയും, ആ ചുവടുകൾ പിൻപറ്റി ഞാനും”. ആര് ആദ്യം എന്ന തർക്കമൊക്കെ നടക്കുന്ന ഈ കാലത്ത് വായിച്ചെടുക്കേണ്ട ഒരു വരിയായി ഈ വരികളെ വിലയിരുത്താം.

1992-ലും 1996-ലും, ആലപ്പുഴ ജില്ലയിലെ മുതുകുളം ഗ്രാമത്തിലെ ഹവിൽദാർ ശ്രീ. സുരേഷ് കുമാർ എന്ന മലയാളിയും രണ്ടു തവണ എവറസ്റ്റ് പര്യവേഷണങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നത് നമുക്കെല്ലാവർക്കും അഭിമാനകരമായ കാര്യമാണ്. ഏതൊരു കാര്യവും പരിശ്രമിച്ചാൽ നടക്കാവുന്നതേയുള്ളൂ, അർപ്പണബോധവും, കഠിനാദ്ധ്വാനവും, നിശ്ചയദാർഢ്യവും കൂടെയുണ്ടാവണം എന്ന് മാത്രം.

Leave a Reply

Your email address will not be published. Required fields are marked *