ഒരു ചക്രവർത്തി കണ്ട സ്വപ്നം…

Ezhuthupura

പേരറിയാത്ത ഒരു ചക്രവർത്തി… എല്ലാ മണ്ണും വെട്ടിപ്പിടിച്ചെന്നു സ്വയം തോന്നിയശേഷം  വാശിയും, വീറും വറ്റിപ്പോയ ആ രാത്രിയാണ് ഒന്നുറങ്ങിയത്… വർഷങ്ങളായി  അദ്ദേഹം ഒരേ ചിന്തയിലായിരുന്നു… തനിക്കു കീഴിൽ ആവണം എല്ലാം, എല്ലാത്തിനും മുകളിൽ അധികാരം സ്ഥാപിക്കണം… ശരീരത്തിനും മനസ്സിനും വിശ്രമം കൊടുത്തുകൊണ്ട് ആ വലിയ ചക്രവർത്തി ഇന്നാണ് ഒന്നുറങ്ങുന്നത്… മനസ്സിൽ അദ്ദേഹത്തിന്  വെട്ടിപ്പിടിക്കാൻ ബാക്കി ഒന്നുമില്ല , എല്ലാം കാൽചുവട്ടിലായി എന്നുറപ്പിച്ചുള്ള ഉറക്കം…

ഉറക്കത്തിൽ അദ്ദേഹം സ്വപ്നം കാണാൻ തുടങ്ങി…ആദ്യം കണ്ടത് ഒരു വലിയ ഭൂമി നിറയെ മരവിച്ച ശവശരീരങ്ങളും അവ കൊത്തിപ്പറിക്കുന്ന കുറെ കഴുകന്മാരും; ചുറ്റിനും പുകപടലങ്ങൾ, കത്തിയമരുന്ന മനുഷ്യ ശരീരത്തിൻറെ രൂക്ഷ ഗന്ധം, ഇന്ന് വരെ ആ ഗന്ധത്തിനു ഇത്രയും രൂക്ഷത അനുഭവപ്പെട്ടിട്ടുണ്ടാകില്ല… അതിനു നടുക്കായി ഒരു കൊച്ചു കുഞ്ഞു കിടന്നു കരയുന്നു… ആ കുഞ്ഞിന്റെ കരച്ചിൽ അദ്ദേഹത്തെ വല്ലാതെ വേട്ടയാടുന്നത് പോലെ തോന്നിപ്പോകുന്നു… തൻ്റെ അടഞ്ഞ കണ്ണുകളിൽ അദ്ദേഹം ആ കുഞ്ഞു  ആരെന്നു തിരയാനുള്ള ശ്രമം നടത്തുന്നു…

അകലെനിന്നും ഒരു കുതിര കുളമ്പടി ശബ്ദം അടുത്തടുത്ത് വരുന്നു… അടുത്തെത്തിയ ആ ശബ്ദം തന്നെയും ഭേദിച്ച് കടന്നു പോകാൻ ഒരുങ്ങുന്നപോലെ അദ്ദേഹത്തിന് തോന്നിപ്പോകുന്നു… പെട്ടന്ന് ആ കുഞ്ഞിൻറെ  ശബ്ദം നിലച്ചു, പകരം അലമുറയിട്ടു കരയുന്ന കുറെ സ്ത്രീകളുടെ മുഖങ്ങൾ അദ്ദേഹം കാണുന്നു… അവരെല്ലാം ആരെയോ പഴിച്ചുകൊണ്ടേയിരിക്കുന്നു, സ്വന്തം പേരുപോലും മറന്നു പോയ ചക്രവർത്തി, അവർ അദ്ദേഹത്തെ തന്നെ പഴിച്ചുകൊണ്ടിരിക്കുകയാണെന്നു തിരിച്ചറിയാതെ വീണ്ടും മുന്നോട്ടു നടന്നു… മുൻപിൽ വരൾച്ച ബാധിച്ച ഒരു വലിയ ഭൂമി… ആ യുദ്ധ ഭൂമിയുടെ മുന്നിൽ ആയി അദ്ദേഹം കാണാൻ ആഗ്രഹിച്ചത് വലിയ കൊട്ടാര സമുച്ചയങ്ങളായിരിക്കാം…പക്ഷെ വിണ്ടു കീറിക്കിടക്കുന്ന ആ ഭൂമിയിലൂടെ നടക്കുമ്പോൾ താൻ ഇത്രയും നാൾ നേടിയെടുത്ത ശക്തി ചോർന്നുപോകുന്നപോലെ അദ്ദേഹത്തിന് തോന്നിപ്പോകുന്നു… പാദരക്ഷകൾ വരെ ഉരുകിപ്പോകുന്ന ചൂടും… അദ്ദേഹത്തിന് കലശലായ ദാഹവും അനുഭവപ്പെടുന്നു…

സ്വപ്നത്തിൽ നിന്ന് ഏതുവിധേനയും ഒന്ന് ഉണരണമെന്നുണ്ട്… ദാഹം സഹിക്കാൻ കഴിയുന്നില്ല… പക്ഷെ നടന്നേ കഴിയു, ചക്രവർത്തിയല്ലേ! വീഴാൻ മനസ്സ് അനുവദിക്കുന്നില്ല… വീണ്ടും മുന്നോട്ടുപോയപ്പോൾ അദ്ദേഹം ഒരു കിണർ കാണുന്നു… ഓടിയും മുട്ടിലിഴഞ്ഞും എങ്ങിനെയൊക്കെയോ അദ്ദേഹം ആ കിണറിനടുത്തെത്തി… കിണറ്റിനുള്ളിലേക്കു നോക്കിയപ്പോൾ അവിടെയും ജീവനറ്റ മനുഷ്യ ശരീരങ്ങൾ… ദേഷ്യവും, നിരാശയും അദ്ദേഹത്തെ കൂടുതൽ ബലഹീനനാക്കിയിരിക്കുന്നു… താൻ വെട്ടിപ്പിടിച്ചതൊന്നും തന്നെ തുണക്കാനില്ലേ! എന്ന ചിന്ത അദ്ദേഹത്തെ ആദ്യമായി സ്പർശിച്ചു…

ക്ഷീണിതനായ അദ്ദേഹം തൻ്റെ കൂടെയുള്ളവരെ തിരഞ്ഞു നോക്കി… എല്ലാവരും കുറച്ചകലെയായി പ്രതിമകൾ പോലെ നിൽക്കുന്നു… കണ്ണിമ പോലും വെട്ടാതെ നിൽക്കുന്ന തൻ്റെ ശക്തരായ സേനയെ നോക്കി അദ്ദേഹം എല്ലാ ശൗര്യവും എടുത്തു ആക്രോശിക്കാൻ ഒരുങ്ങി…പക്ഷെ ശബ്ദം പുറത്തു വരുന്നില്ല… വീണ്ടും ആ കുഞ്ഞിൻറെ കരച്ചിൽ അദ്ദേഹം കേൾക്കാനിടയായി… തന്നെക്കാൾ എത്രയോ ചെറിയ ആ കുഞ്ഞിന്റെ കരച്ചിൽ ശബ്ദംപോലും തൻ്റെ ശബ്ദത്തേക്കാൾ ഉയരത്തിലാണെന്നോർത്തു അദ്ദേഹം തളർന്നിരുന്നു പോയി… തന്നെ ശല്യം ചെയ്യുന്ന ആ കുഞ്ഞിനെ വകവരുത്താനായി അദ്ദേഹം തൻ്റെ വാൾ എടുക്കാനൊരുങ്ങുന്നു…പക്ഷെ ഒരു പുൽക്കൊടി പോലും എടുക്കാനുള്ള ശക്തി തനിക്കില്ല എന്ന് അദ്ദേഹം മനസ്സിലാക്കുകയായിരുന്നു… എല്ലാം നേടി, പക്ഷെ തളർന്നു പോയിരിക്കുന്നു… മനസ്സ് തിരുത്തുന്നു…”നേടിയതുകൊണ്ട് നീ ഇത്രയും തളർന്നെങ്കിൽ, ഒന്നുമില്ലായ്മയെ കുറിച്ചാലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു…ഭാരം കുറയുമല്ലോ…”

അങ്ങകലെ ഒരു ചെറിയ കുടിലിൽ നിന്ന് പുക ഉയരുന്നത് കണ്ട് അദ്ദേഹം വളരെ ശ്രമപ്പെട്ട് ആ കുടിലിൽ എത്തി… അവിടെ ഒരു വൃദ്ധ ഭക്ഷണം പാകം ചെയ്യുന്നത് കണ്ട അദ്ദേഹം, വളരെ താഴ്ന്ന ശബ്ദത്തിൽ ഭക്ഷണത്തിനു വേണ്ടി യാചിക്കുന്നു…എല്ലാം ഉള്ള ദരിദ്രനായി മാറിയിരിക്കുന്നു… പെട്ടന്ന് ആ ഉറക്കം നിർത്തി ഉണരാൻ അദ്ദേഹം ശ്രമിക്കുന്നു പക്ഷെ കഴിയുന്നില്ല… അദ്ദേഹം ഇതുപോലെ വിഷമിച്ച ഒരു സന്ദർഭം ഉണ്ടായിട്ടില്ല… ആ വൃദ്ധ അദ്ദേഹത്തിന് കഴിക്കാനുള്ള ഭക്ഷണം നൽകുന്നു.. അദ്ദേഹം തൻ്റെ വിശപ്പകലും വരെ ഭക്ഷിച്ചുകൊണ്ടേയിരുന്നു… അവിടെ ഉണ്ടായിരുന്ന അവസാന തുള്ളിവെള്ളം വരെ അദ്ദേഹം കുടിച്ചു തീർത്തു, ക്ഷീണം അകറ്റി… അപ്പോളാണ് അദ്ദേഹം തൻ്റെ മുന്നിൽ ഇരിക്കുന്ന വൃദ്ധയെ പറ്റി ഓർത്തത്…അവർ എല്ലാ ഭക്ഷണവും തനിക്കു നൽകി, അവർക്കായി ഒന്നും ഇനി ആ കുടിലിൽ ബാക്കിയില്ല…

ആരുടെ മുന്നിലും തലകുനിക്കാത്ത ആ മഹാരഥൻ, ആ അമ്മയുടെ സ്നേഹത്തിനും ത്യാഗത്തിനും മുന്നിൽ തലകുനിച്ചിരുന്നു… ആ അമ്മ അദ്ദേഹത്തോട് പറഞ്ഞു… “കണ്ടില്ലേ  മകനെ, നീ നേടേണ്ടതായ പലതും ഈ ഭൂമിയിൽ ബാക്കിയുണ്ട്, അതിൽ ചിലതാണ് നന്മ, ത്യാഗം, സ്നേഹം, സന്തോഷം എല്ലാം… ഇതൊന്നും നീ നേടിയിട്ടില്ല, അതുകൊണ്ട് ഇനിയാണ് നീ ശരിക്കും പലതും നേടിയെടുക്കേണ്ടത്, അതിൻറെ തുടക്കമായി നീ ഈ കൂടിക്കാഴ്ചയും മനസ്സിലാക്കുക…”

ആ കുടിലിൽ നിന്നും ഇറങ്ങി ചുറ്റും നോക്കിയപ്പോൾ, അദ്ദേഹത്തിന് ചുറ്റും പച്ചപ്പുള്ള പുൽമേടുകളും, ചുറ്റിലും ഓടിക്കളിക്കുന്ന മാൻ കൂട്ടങ്ങളും, തന്നെ ഭയപ്പെടാതെ പുഞ്ചിരിക്കുന്ന മനുഷ്യരുടെ മുഖങ്ങളും, സമൃദ്ധിയിൽ ഒഴുകുന്ന അരുവികളും കാണാൻ ഇടയായി… അദ്ദേഹത്തിന്റെ മനസ്സിലേക്കൊരു പുതിയ ജീവൻ കടന്നു വന്നപോലെ തോന്നിപ്പോയി… അതുവരെ ആ ഉറക്കത്തിൽ നിന്നേതുവിധേനയും ഒന്ന് എഴുന്നേൽക്കാനായാൽ എന്ന് ചിന്തിച്ച ആ മഹാ ചക്രവർത്തി സ്വസ്ഥമായുള്ള ഈ കാഴ്ചകൾ കഴിയാതിരിക്കട്ടെ എന്ന് ചിന്തിച്ചു പോയി… നാളെ മുതൽ താൻ വെട്ടിപ്പിടിക്കാനല്ല, മറിച്ച് ഈ സുന്ദര ഭൂമിയിൽ കാണാതെപോയ അമൂല്യമായ കാഴ്ചകളുടെ ലോകത്തു സ്വസ്ഥമായ ഒരു യാത്ര തുടങ്ങേണ്ടിയിരിക്കുന്നു എന്ന വിശാല ചിന്തയിലേക്ക് അദ്ദേഹം എത്തിച്ചേർന്നിരുന്നു…

യാത്രയിൽ മനസ്സിൽ തോന്നിയതാണോ അതോ എവിടെ നിന്നെങ്കിലും മനസ്സിനെ സ്വാധീനിച്ചതാണോ എന്നറിയില്ല… കാഴ്ചകളല്ലേ, ഓർമ്മകളിൽ തങ്ങുന്നത് ചിലത്… മറക്കുന്നതാണ് കൂടുതലും…

അഭിനവ സ്വപ്രഖ്യാപിത ചക്രവർത്തിമാരും സ്വസ്ഥമായ മയക്കത്തിൽ ഇതുപോലുള്ള സ്വപ്‌നങ്ങൾ കണ്ട് കണ്ണ് തെളിയട്ടെ എന്ന് പ്രാർത്ഥിക്കാം… രണ്ടു നിശ്വാസങ്ങൾക്കിടയിലുള്ള ഈ ചെറിയ ജീവിതത്തിൽ ഒന്നും വെട്ടിപ്പിടിക്കാതെ പരസ്പ്പരം സ്നേഹവും, മനുഷ്യത്വവും ശീലിച്ചു നോക്കൂ… വർണാഭമായ ഈ ലോകത്തെ കാണാൻ സാധിക്കും…

സമാധാനത്തോടെ ഒരുമിച്ചു നടക്കാം…

അബ്ദുൽ റൗഫ് തിരുത്തുമ്മൽ – അബുദാബി

Leave a Reply

Your email address will not be published. Required fields are marked *