യു എ ഇ: മെയ് 27 മുതൽ പാസ്പോർട്ട് സേവനങ്ങൾ പുനരാരംഭിക്കുന്നതായി ഇന്ത്യൻ കോൺസുലേറ്റ്

GCC News

ദുബായിലും വടക്കൻ എമിറേറ്റുകളിലും ഉള്ള പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനകേന്ദ്രങ്ങൾ മെയ് 27 ബുധനാഴ്ച്ച മുതൽ സേവനങ്ങൾ പുനരാരംഭിക്കുന്നതായി യു എ ഇയിലെ ഇന്ത്യൻ കോൺസുലേറ്റ് ചൊവ്വാഴ്ച്ച അറിയിച്ചു. ദുബായിൽ വിവിധ വാണിജ്യ മേഖലകളുടെ പ്രവർത്തനാനുമതിയിൽ ഇളവുകൾ അനുവദിച്ചതോടെയാണ് ഈ സേവന കേന്ദ്രങ്ങൾ ബുധനാഴ്ച്ച മുതൽ തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.

ഈ കേന്ദ്രങ്ങളിൽ സേവനങ്ങൾക്കായി എത്തുന്നവർ സമൂഹ അകലം പാലിക്കണമെന്നും, മാസ്കുകൾ, കയ്യുറകൾ എന്നിവ നിർബന്ധമായും എല്ലാ സമയങ്ങളിലും ധരിക്കണമെന്നും അധികൃതർ അറിയിച്ചു.

ഈ തീരുമാനത്തിന്റെ ഭാഗമായി മെയ് 27 മുതൽ തുറന്ന് പ്രവർത്തിക്കുന്ന സേവനകേന്ദ്രങ്ങൾ:

പാസ്സ്‌പോർട്ട് സേവനങ്ങൾ

  • BLS അൽ ഖലീജ് സെന്റർ, ബർ ദുബായ് – രാവിലെ 10 മുതൽ വൈകീട്ട് 7 വരെ.
  • BLS ദെയ്‌റ – രാവിലെ 8 മുതൽ വൈകീട്ട് 5 വരെ.
  • BLS ഷാർജ, HSBC ബിൽഡിംഗ് – രാവിലെ 8 മുതൽ വൈകീട്ട് 5 വരെ.
  • BLS ഷാർജ, ഇന്ത്യൻ അസോസിയേഷൻ – രാവിലെ 8 മുതൽ വൈകീട്ട് 5 വരെ.
  • BLS ഫുജൈറ – രാവിലെ 8 മുതൽ വൈകീട്ട് 5 വരെ.
  • BLS റാസ് അൽ ഖൈമ – രാവിലെ 8 മുതൽ വൈകീട്ട് 5 വരെ.
  • BLS അജ്‌മാൻ – രാവിലെ 8 മുതൽ വൈകീട്ട് 5 വരെ.
  • BLS ഉം അൽ കുവൈൻ – രാവിലെ 8 മുതൽ വൈകീട്ട് 5 വരെ.

അറ്റസ്റ്റേഷൻ സേവനങ്ങൾ

  • VFS ഗ്ലോബൽ, ദുബായ് – രാവിലെ 8 മുതൽ വൈകീട്ട് 3 വരെ.

അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ പാസ്പോർട്ട് സേവനങ്ങൾ നിലവിൽ പാസ്പോർട്ട് കാലാവധി കഴിഞ്ഞവർക്കും, ജൂൺ 30-ത്തിനുള്ളിൽ പാസ്പോർട്ട് കാലാവധി കഴിയുന്നവർക്കും മാത്രമാക്കി ചുരുക്കിയിട്ടുണ്ട്. അടിയന്തിര സേവനങ്ങൾക്കായി cons.abudhabi@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ എംബസിയെ ബന്ധപ്പെടാവുന്നതാണ്.