ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റിലെത്തി

GCC News

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കുവൈറ്റിലെത്തി. 2024 ഡിസംബർ 21-നാണ് ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റിലെത്തി.

കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെത്തിയ ശ്രീ. നരേന്ദ്ര മോദിയെയും പ്രതിനിധി സംഘത്തെയും കുവൈറ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹ് സ്വാഗതം ചെയ്തു.

Source: Kuwait News Agency.

കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ, പ്രധാനമന്ത്രിയുടെ ദിവാൻ ചീഫ് അബ്ദുൽഅസീസ് അൽ ഥഖീൽ, പ്രധാനമന്ത്രിയുടെ ദിവാനിലെ ഉപദേഷ്ടാവ് ഷെയ്ഖ് ഡോ. ബാസിൽ ഹുമൗദ് അൽ സബാഹ് തുടങ്ങിയവരും സ്വാഗത സംഘത്തിലുണ്ടായിരുന്നു. നാല്പത്തിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്.

കുവൈറ്റിലെത്തിയ ശ്രീ. നരേന്ദ്ര മോദിയെ പ്രവാസി ഇന്ത്യൻ സമൂഹം സാംസ്കാരിക പരിപാടികളോടെയാണ് സ്വീകരിച്ചത്. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് അദ്ദേഹം കുവൈറ്റിലെത്തിയിരിക്കുന്നത്.