ഔദ്യോഗിക സന്ദർശനത്തിനായി യു എ എയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കൂടിക്കാഴ്ച നടത്തി. ദുബായിൽ വെച്ച് നടന്ന ലോക സർക്കാർ ഉച്ചകോടി 2024-ന്റെ അവസാനദിനമായ ഫെബ്രുവരി 14-നായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം, വിവിധ മേഖലകളിലെ സഹകരണം, പങ്കാളിത്തം എന്നിവ കൂടുതൽ ദൃഡമാക്കുന്നതിനുള്ള നടപടികൾ തുടങ്ങിയവ ഈ കൂടിക്കാഴ്ചയിൽ ചർച്ചയായി.
ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരി H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് സെക്കന്റ് ഡെപ്യൂട്ടി ഭരണാധികാരി H.H. ഷെയ്ഖ് അഹ്‌മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയവരും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.
ലോക സർക്കാർ ഉച്ചകോടി 2024-ലെ വിശിഷ്ടാതിഥിയായാണ് ഇന്ത്യ പങ്കെടുത്തത്. വേൾഡ് ഗവണ്മെന്റ് സമ്മിറ്റ് 2024-ൽ പങ്കെടുക്കുന്നതിനായി 2024 ഫെബ്രുവരി 13-നാണ് നരേന്ദ്ര മോദി യു എ ഇയിലെത്തിയത്.
ശ്രീ. നരേന്ദ്ര മോദിയെ യു എ ഇ പ്രസിഡണ്ട് വിമാനത്താവളത്തിലെത്തി സ്വാഗതം ചെയ്തിരുന്നു.
WAM