യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ ഇന്ത്യൻ പ്രസിഡന്റ് ശ്രീ. റാം നാഥ് കോവിന്ദ് അനുശോചനം രേഖപ്പെടുത്തി.
ഇരുരാജ്യങ്ങൾക്കിടയിലുമുള്ള ബന്ധം ശക്തമാക്കുന്നതിനും, യു എ ഇയിലെ ഇന്ത്യൻ സമൂഹത്തിന്റെ ഉന്നമനത്തിനുമായി ഷെയ്ഖ് ഖലീഫ നൽകിയ സംഭാവനകളെ ശ്രീ. റാം നാഥ് കോവിന്ദ് പ്രത്യേകം അനുസ്‌മരിച്ചു. അദ്ദേഹം യു എ ഇ പ്രസിഡന്റിന്റെ കുടുംബത്തെയും, യു എ ഇ സർക്കാരിനെയും, യു എ ഇയിലെ ജനങ്ങളെയും അനുശോചനം അറിയിച്ചു.
യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചിച്ച് കൊണ്ട് ഇന്ത്യ മെയ് 14-ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 14-ന് ദേശീയ പതാക പകുതി താഴ്ത്തി കെട്ടുമെന്നും, അന്നേ ദിവസം എല്ലാ ഔദ്യോഗിക ആഘോഷപരിപാടികളും ഒഴിവാക്കുമെന്നും ഇന്ത്യൻ അധികൃതർ അറിയിച്ചിട്ടുണ്ട്.
H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ഷെയ്ഖ് ഖലീഫ മഹാനായ രാജ്യതന്ത്രജ്ഞനും, ദീർഘവീക്ഷണം പുലർത്തുന്ന നേതാവുമായിരുന്നുവെന്ന് ശ്രീ. നരേന്ദ്ര മോഡി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ യു എ ഇ ബന്ധം അഭിവൃദ്ധിപ്പെട്ടതായി മോഡി കൂട്ടിച്ചേർത്തു.
Cover Image Source: Rashtrapati Bhavan.