സംസ്ഥാനത്ത് ഏപ്രിൽ 1-നു 24 പേർക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 265 ആയി. ഇതിൽ 237 പേർ ഇപ്പോൾ ചികിത്സയിലാണ്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ കാസർഗോഡ് ജില്ലയിൽനിന്നുള്ളവരാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എറണാകുളം – 3, തിരുവനന്തപുരം – 2, തൃശൂർ – 2, കണ്ണൂർ – 2, മലപ്പുറം – 2, പാലക്കാട് – 1 എന്നിങ്ങനെയാണു മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒമ്പതു പേർ വിദേശത്തു നിന്നെത്തിയ മലയാളികളും ബാക്കിയുള്ളവർ ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരുമാണ്.
നിലവിൽ 1,64,130 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതിൽ 1,63,508 പേർ വീടുകളിലും 622 പേർ ആശുപത്രികളിലുമാണ്. ഇന്നലെ മാത്രം 123 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗ ലക്ഷണങ്ങളുള്ള 7,965 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 7,256 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥീകരിച്ച 265 പേരിൽ 191 പേർ വിദേശത്തുനിന്നെത്തിയ മലയാളികളാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ഏഴു പേർ വിദേശികളാണ്. ബാക്കിയുള്ള 67 പേർ രോഗികളുമായി സമ്പർക്കം പുലർത്തിയവരാണ്. രോഗം സ്ഥിരീകരിച്ചവരിൽ 26 പേരുടെ പരിശോധനാ ഫലം നെഗറ്റിവായി. ഇതിൽ നാലു പേർ വിദേശികളാണ്.
ലോക്ഡൗണിനെത്തുടർന്നു കേരളത്തിൽ കുടുങ്ങിയ 232 യൂറോപ്യൻ പൗരൻമാരെ നാട്ടിലെത്തിക്കാനുള്ള സംസ്ഥാനത്തിന്റെ ഇടപെടലിനു മികച്ച ഗുണഫലമാണുണ്ടായതെന്നു മുഖ്യമന്ത്രി പറഞ്ഞു. തങ്ങളുടെ പൗരൻമാരെ തിരികെയെത്തിക്കാനുള്ള ജർമൻ എംബസിയുടെ താത്പര്യത്തിനു സർക്കാർ പൂർണ സഹായം നൽകി. ഇക്കാര്യത്തിൽ വിനോദ സഞ്ചാര വകുപ്പ് മികച്ച ഇടപെടലാണു നടത്തിയത്. മടങ്ങിയവർ സന്തുഷ്ടരാണെന്ന് അവർതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കാസർകോഡ് മെഡിക്കൽ കോളജ് നാലു ദിവസത്തിനകം കോവിഡ് ആശുപത്രിയായി പൂർണ തോതിൽ മാറ്റാൻ കഴിയുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതിനുള്ള നടപടികൾ വേഗത്തിൽ നടക്കുന്നു. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്നു റീജിയണൽ ക്യാൻസർ സെന്ററിൽ സാധാരണ നിലയ്ക്കുള്ള പരിശോധനകൾ നടക്കുന്നില്ലെന്ന പരാതികൾ ലഭിച്ചിരുന്നു. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കാനും പരിശോധിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ചികിത്സ കിട്ടാത്തതിന്റെ പേരിൽ പ്രയാസപ്പെടുന്ന അവസ്ഥയുണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.