വിവിധ സംസ്ഥാനങ്ങളിൽനിന്ന് മലയാളികൾക്ക് നാട്ടിലേക്ക് വരാൻ കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയും ഇടപെടലും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് അയച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
രാജ്യത്തിനകത്തുള്ള വിവിധ സംസ്ഥാനങ്ങളിലെ 1,66,263 മലയാളികളാണ് നാട്ടിലേക്ക് വരാനായി നോർക്ക വഴി രജിസ്റ്റർ ചെയ്തിട്ടുള്ളത്. രജിസ്റ്റർ ചെയ്ത ആളുകളിൽ അഞ്ചിലൊന്ന് ആളുകൾക്കു മാത്രമേ സ്വന്തം വാഹനങ്ങളിലോ വാഹനങ്ങൾ വാടകയ്ക്കെടുത്തോ നാട്ടിലെത്താൻ കഴിയൂ. മറ്റുള്ളവർ ഗതാഗതസൗകര്യം ഒരുക്കിയില്ലെങ്കിൽ തിരിച്ചെത്താൻ പ്രയാസമുള്ളവരാണ്. അവർക്ക് ഇപ്പോഴുള്ള സ്ഥലങ്ങളിൽനിന്ന് കേരളത്തിലെത്തിച്ചേരാൻ നിരവധി പ്രതിബന്ധങ്ങളുണ്ട്. അതുകൊണ്ട് ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയും ഇടപെടലും ആവശ്യമുണ്ട്.
കർണാടകം, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് രജിസ്റ്റർ ചെയ്തവരിൽ കൂടുതൽ. കർണാടക – 55,188, തമിഴ്നാട് – 50,863, മഹാരാഷ്ട്ര – 22,515, തെലങ്കാന – 6422, ഗുജറാത്ത് -4959, ആന്ധ്രപ്രദേശ് – 4338, ഡെൽഹി – 4236, ഉത്തർപ്രദേശ് -3293, മധ്യപ്രദേശ് -2490, ബിഹാർ – 1678, രാജസ്ഥാൻ – 1494, പശ്ചിമ ബംഗാൾ -1357, ഹരിയാന – 1177, ഗോവ – 1075 എന്നിങ്ങനെയാണ് കൂടുതൽ ആളുകൾ രജിസ്റ്റർ ചെയ്ത സംസ്ഥാനങ്ങളുടെ കണക്ക്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് ആയിരത്തിൽ താഴെ വീതം ആളുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഈ വിവരങ്ങൾ പൂർത്തിയായതോടെ ഇവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 28,272 പേരാണ് പാസിന് അപേക്ഷിച്ചിട്ടുള്ളത്. 5470 പാസ് വിതരണം ചെയ്തു. തിങ്കളാഴ്ച ഉച്ചവരെ 515 പേർ വിവിധ ചെക്ക്പോസ്റ്റുകൾ വഴി എത്തിയിട്ടുണ്ട്. നോർക്ക വഴി രജിസ്റ്റർ ചെയ്തവർക്ക് മുൻഗണനാടിസ്ഥാനത്തിൽ പാസുകൾ നൽകുന്നുണ്ട്. അതിർത്തിയിലെ തിരക്ക് ഒഴിവാക്കാനുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
കേരളത്തിൽനിന്ന് ഇതുവരെ 13,818 അതിഥി തൊഴിലാളികളാണ് സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോയതെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിൽനിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് അതിഥി തൊഴിലാളികൾക്ക് പോകാൻ പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ട്രെയിനുകളിൽ സംസ്ഥാനത്തേക്ക് വരേണ്ട പ്രവാസി മലയാളികൾക്ക് യാത്രാസൗകര്യം ഒരുക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. ശാരീരിക അകലവും മറ്റ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വിവിധ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക നോൺ സ്റ്റോപ്പ് ട്രെയിനുകൾ അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന് പുറത്തുള്ളവരും ഇങ്ങോട്ട് വരാൻ അത്യാവശ്യമുള്ളവരുമായ എല്ലാവരെയും തിരിച്ചെത്തിക്കുക എന്നതാണ് സർക്കാരിന്റെ നയം. ഇതിന് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നോർക്ക പോർട്ടലിൽ രജിസ്റ്റർ ചെയ്തവർ അതിൽ ലഭിക്കുന്ന രജിസ്റ്റർ നമ്പർ ഉപയോഗിച്ച് കോവിഡ് 19 ജാഗ്രതാ പോർട്ടൽ വഴി ബന്ധപ്പെട്ട ജില്ലാ കലക്ടറിൽനിന്ന് യാത്രാനുമതി വാങ്ങണം. ഗ്രൂപ്പുകളായി വരാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് ഇനിയും അവസരമുണ്ട്. സംസ്ഥാനത്ത് പ്രവേശിക്കുന്ന ചെക്ക്പോസ്റ്റ്, എത്തുന്ന തീയതിയും സമയവും രേഖപ്പെടുത്തി അപേക്ഷ നൽകണം.
കലക്ടർമാർ അനുവദിക്കുന്ന പാസ് മൊബൈൽ-ഇമെയിൽ വഴിയാണ് നൽകുക. ഏതു സംസ്ഥാനത്തു നിന്നാണോ യാത്ര തിരിക്കുന്നത് അവിടെനിന്നുള്ള അനുമതിയും സ്‌ക്രീനിങ് വേണമെങ്കിൽ അതും യാത്ര തിരിക്കുന്നതിനു മുമ്പ് ഉറപ്പാക്കണം. നിർദിഷ്ട സമയത്ത് ചെക്ക്പോസ്റ്റിലെത്തിയാൽ പാസ് കാണിച്ച് ആവശ്യമായ വൈദ്യപരിശോധനയ്ക്കുശേഷം സംസ്ഥാനത്തേക്ക് കടക്കാം.
മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ കുട്ടികളെയോ ഭാര്യാ ഭർത്താക്കൻമാരെയോ മാതാപിതാക്കളെയോ കൂട്ടിക്കൊണ്ടുവരാൻ അങ്ങോട്ട് യാത്ര ചെയ്യേണ്ടിവരുന്നെങ്കിൽ ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമാണ്. അതോടൊപ്പം അവരുടെ സ്വന്തം ജില്ലാ കലക്ടർമാരിൽനിന്ന് പാസ് വാങ്ങണം.
മറ്റു സംസ്ഥാനങ്ങളിൽനിന്നും യാത്രക്കാരെ കൊണ്ടുവരുന്ന വാഹനങ്ങൾക്ക് മടക്കയാത്രയ്ക്ക് അതത് ജില്ലാ കലക്ടർമാർ പാസ് നൽകും. കേരളത്തിലേക്കു വരുന്ന എല്ലാ യാത്രക്കാരും കോവിഡ് 19 ജാഗ്രതാ മൊബൈൽ ആപ്പ് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യണം. അവിചാരിത ബുദ്ധിമുട്ടുകൾ ഉണ്ടായാൽ സെക്രട്ടറിയറ്റിലെ വാർ റൂമുമായോ നിർദിഷ്ട ചെക്ക്പോസ്റ്റുമായോ ബന്ധപ്പെടണം.
മുൻഗണനാ ലിസ്റ്റിൽപ്പെട്ടവർക്കാണ് ആദ്യഘട്ടത്തിൽ യാത്രയ്ക്ക് അനുമതി നൽകുന്നത്. വിദ്യാർത്ഥികൾ, കേരളത്തിൽ സ്ഥിരതാമസക്കാരായിരിക്കെ ഇതര സംസ്ഥാനങ്ങളിലേക്ക് യാത്ര പോയ മുതിർന്ന പൗരൻമാർ, ഗർഭിണികൾ, മറ്റ് ആരോഗ്യ ആവശ്യങ്ങൾ ഉള്ളവർ എന്നിവർ മുൻഗണനാ പട്ടികയിൽപ്പെടും. വരുന്നവർ 14 ദിവസം വീടുകളിൽ ക്വാറന്റൈനിൽ കഴിയണം.
ഈ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുള്ളത് സംസ്ഥാനത്ത് കോവിഡ് 19 ബാധ നിയന്ത്രിച്ചുനിർത്താനും വരുന്നവരുടെയും അവരുടെ കുടുംബത്തിന്റെയും സുരക്ഷയെ കരുതിയുമാണ്. ഘട്ടം ഘട്ടമായി ഈ പ്രക്രിയ പൂർത്തിയാക്കാനാണ് സർക്കാർ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
കേരളത്തിനകത്ത് വിവിധ ജില്ലകളിൽ കുടുങ്ങിപ്പോയ ധാരാളം പേരുണ്ട്. അത്യാവശ്യങ്ങൾക്ക് തൊട്ടടുത്ത ജില്ലകളിൽ പോകേണ്ടിവരുന്നവരുമുണ്ട്. ഇവർക്ക് പൊലീസിൽനിന്ന് പാസ് ലഭ്യമാക്കാൻ സൗകര്യമൊരുക്കും. അവർ ഉള്ളിടത്തെ പൊലീസ് സ്റ്റേഷനിൽ അപേക്ഷിച്ചാൽ പാസ് ലഭിക്കും.
ലക്ഷദ്വീപിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രറ്ററുമായി സംസ്ഥാന സർക്കാർ ബന്ധപ്പെട്ടിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറി അഡ്മിനിസ്ട്രേറ്ററുമായി സംസാരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.