സംസ്ഥാനത്ത് ഞായറാഴ്ച രണ്ടു പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലയിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ ജില്ലയിലുള്ളയാൾ അബുദാബിയിൽ നിന്നും കാസർഗോഡ് ജില്ലയിലുള്ളയാൾ ദുബായിൽ നിന്നും വന്നതാണ്.
സംസ്ഥാനത്ത് 13 പേർ കൂടി രോഗമുക്തി നേടി. കാസർഗോഡ് ജില്ലയിലെ എട്ട് പേരുടേയും കണ്ണൂർ ജില്ലയിലെ മൂന്ന് പേരുടേയും മലപ്പുറം, തൃശൂർ ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 270 പേരാണ് ഇതുവരെ കോവിഡിൽ നിന്നും രോഗമുക്തി നേടിയത്. 129 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 55,590 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 55,129 പേർ വീടുകളിലും 461 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 72 പേരെയാണ് ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 19,351 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 18,547 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.