കോവിഡ്-19 ബാധിച്ച 27 പേർ കൂടി വ്യാഴാഴ്ച രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ് ജില്ലയിൽ നിന്നുള്ള 24 പേരുടേയും എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ 394 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 245 പേരാണ് ഇതുവരെ കോവിഡിൽ നിന്നും രോഗമുക്തി നേടിയത്. ഇതോടെ നിലവിൽ 147 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് വ്യാഴാഴ്ച ഏഴുപേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂർ ജില്ലയിൽ നിന്നുള്ള നാലു പേർക്കും കോഴിക്കോട് ജില്ലയിൽ നിന്നുള്ള രണ്ടു പേർക്കും കാസർഗോഡ് ജില്ലയിൽ നിന്നുള്ള ഓരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ അഞ്ചു പേർ ദുബായിൽ നിന്നും വന്നവരാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. കണ്ണൂർ ജില്ലയിലെ മൂന്നു പേരും കോഴിക്കോട്, കാസർഗോഡ് ജില്ലയിലുള്ള ഓരോരുത്തരുമാണ് ദുബായിൽ നിന്നും വന്നത്. കണ്ണൂർ, കോഴിക്കോട് ജില്ലയിലുള്ള ഓരോരുത്തർക്കാണ് സമ്പർക്കത്തിലൂടെ രോഗം ഉണ്ടായത്.
എറണാകുളം ജില്ലയിൽ എയർപോർട്ട് ഡ്യൂട്ടിയ്ക്കിടെ രോഗം ബാധിച്ച രണ്ട് ആരോഗ്യ പ്രവർത്തകരുടേയും രോഗം ഭേദമായി ഡിസ്ചാർജായി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സന്തോഷ്‌കുമാർ, കെ.കെ. അനീഷ് എന്നിവർക്കാണ് രോഗം ഭേദമായത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 88,855 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 88,332 പേർ വീടുകളിലും 523 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 108 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഉള്ള 17,400 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 16,489 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.