കോവിഡ്-19 നെ പ്രതിരോധിക്കുന്നതിന് ഭാഗിക ലോക്ക്ഡൗൺ മേയ് 15 വരെ തുടരാമെന്ന് കേന്ദ്രത്തെ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. മേയ് 15ലെ സാഹചര്യം പരിശോധിച്ച് തുടർ നടപടി സ്വീകരിക്കാം.
മേയ് 15ന് തൊട്ടുമുമ്പുള്ള ആഴ്ചയിൽ രോഗം റിപ്പോർട്ട് ചെയ്യാത്ത സ്ഥലങ്ങളിൽ ആൾക്കൂട്ടവും പൊതുഗതാഗതവും നിയന്ത്രിച്ച്, ശാരീരിക അകലം പാലിച്ച്, ലോക്ക്ഡൗൺ പിൻവലിക്കാമെന്നാണ് കേരളം കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്.
കേരളം ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ നേരത്തെ അറിയിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച തന്നെ പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും വിവരം ധരിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
അന്തർജില്ല, അന്തർ സംസ്ഥാന യാത്രകൾ മേയ് 15 വരെ നിയന്ത്രിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. പി. പി. ഇ കിറ്റിന്റെ ആവശ്യം വർധിക്കുകയാണെന്നും കോവിഡ് പ്രതിരോധത്തിന് ആവശ്യമായ സാധനങ്ങൾ സമാഹരിക്കുന്നതിനുള്ള ഉത്തരവാദിത്തം കേന്ദ്രം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രവാസികളിൽ ചെറിയ വരുമാനമുള്ളവർ, ജയിൽ ശിക്ഷ അനുഭവിച്ചു കഴിഞ്ഞവർ, പാർട്ട്‌ടൈം ജോലിയിൽ നിന്നുള്ള വരുമാനം നിലച്ച വിദ്യാർത്ഥികൾ, തൊഴിൽ നഷ്ടപ്പെട്ടവർ, ലേബർ ക്യാമ്പിൽ കഴിയുന്നവർ എന്നിവരുടെ വിമാന യാത്രാക്കൂലി കേന്ദ്ര സർക്കാർ വഹിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. ലോക്ക്ഡൗൺ കാരണം തൊഴിൽ നഷ്ടപ്പെട്ടവർക്ക് വേണ്ടി പുനരധിവാസ പാക്കേജ് കേന്ദ്ര സർക്കാർ അടിയന്തരമായി പ്രഖ്യാപിക്കണം. അവരുടെ നൈപുണ്യം ഉപയോഗപ്പെടുത്താൻ സാധിക്കുന്ന പദ്ധതികൾക്ക് രൂപം നൽകണം.
ഹ്രസ്വകാല സന്ദർശനങ്ങൾക്കായി പോയവർ, ജീവിതാവശ്യങ്ങൾ നിറവേറ്റാൻ നിവൃത്തിയില്ലാത്തവർ, ചികിത്സാ സഹായം ആവശ്യമുള്ളവർ എന്നിവരെ തിരിച്ചു കൊണ്ടുവരുന്നതിൽ പ്രഥമ പരിഗണന നൽകണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.
നാല് ലക്ഷത്തോളം അതിഥി തൊഴിലാളികൾ നിലവിൽ കേരളത്തിലുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവരെ ഘട്ടം ഘട്ടമായി തിരികെ നാട്ടിലെത്തിക്കുന്നതിന് നോൺ സ്റ്റോപ്പ് ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളായ ആരോഗ്യപ്രവർത്തകരുടെയും നഴ്‌സുമാരുടെയും കാര്യത്തിൽ കേന്ദ്രം അടിയന്തര ശ്രദ്ധ പതിപ്പിക്കണം. ഇവർക്ക് ശുചിത്വമുള്ള ക്വാറന്റൈൻ സൗകര്യങ്ങൾ ഉറപ്പുവരുത്തണം. കേരളത്തിൽ നിന്നുള്ള നഴ്‌സുമാരുടെ പ്രശ്‌നങ്ങൾ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സത്വര ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നാണ് സംസ്ഥാനത്തിന്റെ താൽപര്യം.
കേന്ദ്ര സർക്കാരിന്റെ ആരോഗ്യ സേതു അപ്ലിക്കേഷനിൽ കേരളവുമായി ബന്ധപ്പെട്ട ഡാറ്റകളൊന്നും പങ്കിട്ടിട്ടില്ല എന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. ലോക്ക്ഡൗണിന്റെ പാശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രത്യാഘാതം ലഘൂകരിക്കുന്നതിന് അർഹമായ ഊന്നൽ നൽകണം. ലഭ്യമായ വിവരങ്ങൾ അനുസരിച്ചുള്ള വിദഗ്ദ്ധരുടെ ആദ്യഘട്ടവിലയിരുത്തൽ പ്രകാരം 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കേരളത്തിന്റെ മൊത്തം മൂല്യവർധനയിലുണ്ടായ നഷ്ടം ഏകദേശം 80,000 കോടി രൂപയാണ്. സ്ഥിതിഗതികൾ മെച്ചപ്പെടുന്നില്ലെങ്കിൽ, നഷ്ടം ഇനിയും വർദ്ധിക്കും. ലോക്ക്ഡൗൺ കാലയളവിൽ 83.3 ലക്ഷത്തോളം വരുന്ന സ്വയംതൊഴിൽ, കാഷ്വൽ തൊഴിലാളികളുടെ വേതന നഷ്ടം 14,000 കോടി രൂപയാണ്. ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകളിൽ യഥാക്രമം 6,000 കോടി രൂപയുടെയും, 14,000 കോടി രൂപയുടെയും നഷ്ടമുണ്ടായി. മത്സ്യബന്ധന മേഖലയും വിവരസാങ്കേതിക മേഖലയും ഗണ്യമായ തൊഴിൽ നഷ്ടത്തിന് ഇരയായ ചില മേഖലകളാണ്.
ചെറുകിട വ്യാപാരികളെ ലോക്ക്ഡൗൺ ഏറെ പ്രതികൂലമായി ബാധിച്ചു. വരുമാനം നിലച്ചത് ഇവരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. മഹാഭൂരിഭാഗവും സ്വയം തൊഴിൽ വിഭാഗത്തിൽപ്പെട്ടവരാണ്. ചെറുകിട വ്യാപാരികൾക്ക് പ്രത്യേക പരിഗണന നൽകണം. ദേശീയ ദുരന്ത നിവാരണ ഫണ്ടിന്റെ കീഴിലുള്ള ഒരു പാക്കേജിലൂടെ ഇവരെ കേന്ദ്രസർക്കാർ പിന്തുണയ്ക്കണം.
അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്നവരുടെ നിലനിൽപ്പിന് ദേശീയതലത്തിൽ വരുമാന സഹായ പദ്ധതി നടപ്പാക്കണം. ലോക്ക്ഡൗൺ കാര്യമായി ബാധിച്ച ചെറുകിട വ്യാപാരികൾക്ക് രണ്ടു മുതൽ അഞ്ച് ലക്ഷം വരെ വായ്പ അനുവദിക്കണം. ഈ വായ്പയുടെ പലിശ ആശ്വാസ നടപടിയായി കേന്ദ്രം വഹിക്കണം. തൊഴിൽ സംരംഭങ്ങളിലെ തൊഴിൽ നിലനിർത്തുന്നതിന് ഇവയ്ക്കാവശ്യമായ സബ്‌സിഡി നൽകണമെന്ന അഭ്യർത്ഥനയും പ്രധാനമന്ത്രിയ്ക്കു മുന്നിൽ വച്ചു.
ലോക്ക്ഡൗൺ നടപടികൾമൂലം ചെറുകിട വ്യവസായങ്ങൾക്ക് വലിയ തോതിലുള്ള നഷ്ടം സംഭവിച്ചു. നിലവിലെ ലോണുകൾക്ക് അമ്പതു ശതമാനത്തോളം പലിശ ഇളവ് നൽകണം. ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഇഎസ്‌ഐ വേതനം നൽകുന്നതിന് നടപടി സ്വീകരിക്കണം. ഇപിഎഫിലേക്ക് വിഹിതം കൊടുക്കേണ്ട പരിധി പതിനയ്യായിരത്തിൽ നിന്നും ഇരുപത്തിയയ്യായിരം ആയി ഉയർത്തണം. സംസ്ഥാനങ്ങൾക്കുള്ള ഭക്ഷ്യധാന്യങ്ങളുടെയും പയർ വർഗങ്ങളുടെയും വിതരണം ആവശ്യമായ രീതിയിലുണ്ടെന്ന് കേന്ദ്രം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.