പ്രവാസികൾ കൂടുതലായെത്തുമ്പോൾ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ തീവ്രത വർധിപ്പിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ധാരണാപ്പിശകുകൊണ്ട് ആർക്കും അലംഭാവം ഉണ്ടായിക്കൂട.
സംസ്ഥാനത്ത് വിവിധ മാർഗങ്ങളിലൂടെ 74,426 പേർ എത്തിയിട്ടുണ്ട്. ഇതിൽ 44712 പേർ റെഡ്സോണുകളിൽ നിന്നാണെത്തിയത്. റോഡു മാർഗം 63239 പേർ വന്നു. ഇതിൽ 46 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിമാനത്തിലെത്തിയ 53 പേർക്കും കപ്പലിലെത്തിയ ആറു പേർക്കും രോഗം സ്ഥിരീകരിച്ചു.
ഇതുവരെ 26 വിമാനങ്ങളും മൂന്നു കപ്പലുകളും എത്തി. 3305 പേരെ സർക്കാർ ക്വാറന്റൈനിലാക്കി. 123 പേരെ ആശുപത്രിയിലേക്ക് മാറ്റി.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ നാട്ടിലേക്ക് വരാൻ സൗകര്യം ഏർപ്പെടുത്തി. ആദ്യം എത്തേണ്ടവരെ കൃത്യമായി വേർതിരിച്ചിട്ടുണ്ട്. അതനുസരിച്ചാണ് സർക്കാർ ക്രമീകരണം ഏർപ്പെടുത്തിയത്. എന്നാൽ അത്ര അത്യാവശ്യമല്ലാത്ത പലരും ഇതിന്റെ പ്രയോജനം ഉപയോഗിക്കുന്നു. മുൻഗണന തെറ്റിച്ച് ചിലർ എത്തുന്നു. ഈ അവസ്ഥ ഒഴിവാക്കണം. ഔദ്യോഗിക സംവിധാനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അനാവശ്യ തിക്കും തിരക്കും അപകടം ക്ഷണിച്ചുവരുത്തും. കേരളത്തിലേക്ക് വരുന്നവരുടെ വിവരം ആരോഗ്യം, തദ്ദേശസ്വയംഭരണം, പോലീസ് വിഭാഗങ്ങൾ സൂക്ഷിക്കണം.
ഇപ്പോൾ വാഹനങ്ങളിൽ ആളെ കുത്തിനിറച്ച് യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് ഗുണം ചെയ്യില്ല. ലോക്ക്ഡൗൺ ഇളവ് വന്നതോടെ കാര്യങ്ങൾ അയഞ്ഞു പോകാൻ പാടില്ല. ചെക്ക്പോസ്റ്റുകളിലും ആശുപത്രികളിലും പി. പി. എ കിറ്റും മാസ്ക്കും ആവശ്യത്തിന് ലഭ്യമാക്കാൻ നടപടി സ്വീകരിച്ചു. റോഡിന്റെ വശങ്ങളിൽ തട്ടുകടകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. ഭക്ഷണം പാഴ്സൽ നൽകാൻ മാത്രമാണ് കേരളത്തിൽ അനുമതിയുള്ളത്. ട്യൂഷൻ സെന്ററുകൾക്ക് സ്കൂൾ തുറക്കുന്ന മുറയ്ക്ക് മാത്രം പ്രവർത്തനാനുമതി നൽകും.
ആശുപത്രികളിലെ തിരക്ക് വർധന നിയന്ത്രിക്കും. എയ്ഡ്സ് ബാധിതരുടെ പെൻഷൻ മുടങ്ങിയത് പരിഹരിക്കും. ഒന്നിലധികം നിലകളുള്ള തുണിക്കടകൾക്കും പ്രവർത്തിക്കാം. പത്തു വയസിൽ താഴെയുള്ള കുട്ടികളെ കടകളിൽ കൊണ്ടുപോകുന്നത് പൂർണമായി ഒഴിവാക്കണം. തുണി മൊത്തവ്യാപാരകടകൾക്കും തുറന്ന് പ്രവർത്തിക്കാം.
പരീക്ഷ നടത്തുന്നതിനും ബസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും ആവശ്യമായ നടപടി വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കും. പരീക്ഷ നടത്തുന്നതിൽ ആശങ്ക വേണ്ട. എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചാവും പരീക്ഷ നടത്തുക. ജൂലൈ 26ന് നടക്കുന്ന നീറ്റ് പരീക്ഷ ഗൾഫിലുള്ള വിദ്യാർത്ഥികൾക്ക് എഴുതുന്നതിന് അവിടങ്ങളിൽ സൗകര്യം ഒരുക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഫോട്ടോ എടുക്കുന്നതിന് സ്റ്റുഡിയോകൾക്ക് പ്രവർത്തനാനുമതി നൽകും.
കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നടപ്പാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ ആദ്യ ഘട്ടം മേയ് 31നകം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. രണ്ടാം ഘട്ട പദ്ധതിയുടെ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ചെങ്ങള- നീലേശ്വരം റോഡിന്റെ വികസനത്തിന് സ്റ്റാൻഡിംഗ് ഫിനാൻസ് കമ്മിറ്റിയുടെ അനുമതിയായി. 37.268 കിലോമീറ്റർ ദൂരമാണ് ആറു വരിയായി വികസിപ്പിക്കുന്നത്. 1197.568 കോടി രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ടര വർഷത്തിൽ നിർമാണം പൂർത്തിയാക്കും. 40.7803 ഹെക്ടർ ഭൂമി ഇതിനായി ഏറ്റെടുക്കേണ്ടിവരും.