സംസ്ഥാനത്തെ, വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കുള്ള, ക്വാറന്റൈൻ മാർഗരേഖ വിദഗ്ധ സമിതിയുടെ നിർദ്ദേശപ്രകാരം പുതുക്കാൻ തീരുമാനിച്ചു. വിദേശത്തു നിന്നെത്തുന്നവർക്ക് വീടുകളിൽ ക്വാറന്റൈൻ സൗകര്യം ഉണ്ടെങ്കിൽ സത്യവാങ്മൂലം എഴുതിവാങ്ങി ആവശ്യമായ മുൻകരുതൽ നിർദ്ദേശം നൽകും. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ കോവിഡ് ജാഗ്രതാ പോർട്ടലിൽ ഹോം ക്വാറന്റൈൻ സംബന്ധിച്ച് സത്യവാങ്മൂലം നൽകണം. സ്വന്തം വാഹനത്തിലോ ടാക്സിയിലോ വീടുകളിലേക്ക് പോകാം. മറ്റു സംസ്ഥാനങ്ങളിൽ നിന്നുവരുന്നവർക്ക് സ്വന്തം വീട്ടിൽ സൗകര്യമില്ലെങ്കിൽ മറ്റൊരു വീട് തിരഞ്ഞെടുക്കാം.
സത്യവാങ്മൂലത്തിൽ പറയുന്ന കാര്യങ്ങൾ ജില്ലയിലെ കോവിഡ് കൺട്രോൾ റൂം അന്വേഷിക്കും. വീട്ടിൽ സൗകര്യമില്ലാത്തവർക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനോ പെയ്ഡ് ക്വാറന്റൈനോ തിരഞ്ഞെടുക്കാം. പെയ്ഡ് ക്വാറന്റൈന് ഹോട്ടലുകളിൽ സൗകര്യമൊരുക്കും.
വിദേശത്തു നിന്ന് വരുന്നവരെ സംബന്ധിച്ച വിവരം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം, പോലീസ്, കോവിഡ് കെയർ സെന്റർ നോഡൽ ഓഫീസർ, ജില്ലാ കളക്ടർ എന്നിവർക്ക് കൈമാറും. ഇവർ നിശ്ചിത സമയത്തിനുള്ളിൽ വീട്ടിലെത്തിയെന്നത് പോലീസ് പരിശോധിച്ച് ഉറപ്പാക്കും. വീടുകളിലെ സൗകര്യം തദ്ദേശസ്ഥാപനങ്ങൾ പരിശോധിക്കും. വീട്ടിലുള്ളവർക്ക് ആവശ്യമായ ബോധവത്ക്കരണം നൽകും. കുട്ടികളോ പ്രായമായവരോ ഉണ്ടെങ്കിൽ പ്രത്യേകം മുൻകരുതൽ നിർദേശം നൽകും. നിരീക്ഷണത്തിലുള്ള വ്യക്തി ക്വാറന്റൈൻ ലംഘിച്ചാൽ പോലീസ് നടപടി സ്വീകരിക്കും.
ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും പെയ്ഡ് ക്വാറന്റൈനിലും കഴിയുന്നവരെ തദ്ദേശസ്ഥാപനം, പോലീസ്, റവന്യു വിഭാഗങ്ങൾ കർശനമായി നിരീക്ഷിക്കുകയും ആവശ്യമായ സൗകര്യമുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യും. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് കേരളത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയ വിവരം ജില്ലാ കളക്ടർ, തദ്ദേശസ്ഥാപനം, പോലീസ്, കോവിഡ് കെയർ സെന്റർ നോഡൽ ഓഫീസർ എന്നിവരെ അറിയിച്ചിരിക്കണം.
കണ്ടെയ്ൻമെന്റ് സോണുകൾ നിർണയിക്കുന്നതിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഓരോ ദിവസവും രാത്രി 12 മണിക്ക് മുമ്പ് കണ്ടെയ്ൻമെന്റ് സോണുകൾ നിർണയിച്ച് വിജ്ഞാപനം ഇറക്കും. പഞ്ചായത്തുകളിൽ വാർഡ് തലത്തിലും കോർപറേഷനുകളിൽ സബ് വാർഡ് തലത്തിലുമാവും കണ്ടെയ്ൻമെന്റ് സോണുകൾ. ചന്ത, തുറമുഖം, കോളനി, സ്ട്രീറ്റ്, താമസപ്രദേശം തുടങ്ങിയ പ്രാദേശിക സാഹചര്യം പരിശോധിച്ച് കണ്ടെയ്ൻമെന്റ് സോണുകൾ തീരുമാനിക്കും.
ഒരു വാർഡിൽ ഒരു വ്യക്തി പ്രാദേശിക സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആവുകയും വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്ന രണ്ടു വ്യക്തികൾ പോസിറ്റീവാകുകയും ചെയ്താലും ഒരു വാർഡിൽ പ്രാഥമിക സമ്പർക്കത്തിലുള്ള പത്തിൽ കൂടുതൽ പേർ നിരീക്ഷണത്തിലായാലും സെക്കൻഡറി പട്ടികയിലുള്ള 25ലധികം പേർ ഒരു വാർഡിൽ നിരീക്ഷണത്തിലായാലും കോവിഡ് വ്യാപനത്തിനുള്ള സാധ്യത ഒരു സബ് വാർഡിലോ, ചന്ത, ഹാർബർ, ഷോപ്പിങ് മാൾ, സ്ട്രീറ്റ്, താമസപ്രദേശം എന്നിവയിൽ കണ്ടെത്തിയാലും ഒരു പ്രത്യേക പ്രദേശം കണ്ടെയ്ൻമെന്റ് സോണാവും. ഏഴു ദിവസത്തേക്കാവും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുക. ജില്ലാ കളക്ടറുടെ ശുപാർശ അനുസരിച്ചാവും കാലാവധി നീട്ടുക.
ഒരു വാർഡിൽ 50 ശതമാനത്തിലധികം പ്രദേശം കണ്ടെയ്ൻമെന്റ് സോണിലായാൽ ആ തദ്ദേശസ്ഥാപനം റെഡ് കളർ കോഡഡ് ലോക്കൽ സെൽഫ് ഗവൺമെന്റ് ആകും. വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തി വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്ന ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചാൽ വീടും അതിന്റെ നിശ്ചിത ചുറ്റളവിലുള്ള വീടുകളും ചേർത്ത് കണ്ടയിൻമെൻറ് സോൺ പ്രഖ്യാപിക്കും.