കുവൈറ്റ്: വ്യക്തികളുടെ ഡിജിറ്റൽ സിവിൽ ഐഡിയിൽ COVID-19 വാക്സിനേഷൻ വിവരങ്ങൾ ഉൾപ്പെടുത്തുന്നു

featured GCC News

രാജ്യത്തെ നിവാസികളുടെ ഡിജിറ്റൽ സിവിൽ ഐഡി അപ്ലിക്കേഷനായ ‘Kuwait Mobile ID’-യിൽ COVID-19 വാക്സിനേഷൻ വിവരങ്ങൾ ഉൾപ്പെടുത്തിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) അറിയിച്ചു. ഇതോടെ ഓരോ വ്യക്തികളുടെയും വാക്സിനേഷൻ സംബന്ധമായ വിവരങ്ങൾ അവരുടെ സിവിൽ ഐഡിയുമായി ബന്ധപ്പെടുത്തി ഉപയോഗിക്കാനാകുന്നതാണ്.

മെയ് 8-നാണ് PACI ഇക്കാര്യം അറിയിച്ചത്. ഓരോ വ്യക്തിയുടെയും വാക്സിനേഷൻ വിവരങ്ങൾ ലഭിക്കുന്നതിനുള്ള സംവിധാനം ഈ മൊബൈൽ ആപ്പിന്റെ പുതുക്കിയ പതിപ്പിൽ ഉൾപ്പെടുത്തിയതായി PACI ജനറൽ ഡയറക്ടർ മുസാദ് അൽ അസൗസി അറിയിച്ചു. ‘Kuwait Mobile ID’ ആപ്പിന്റെ പുതിയ പതിപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ആപ്പിൽ വാക്സിനേഷൻ സ്റ്റാറ്റസ് ലഭ്യമാകുന്നതാണ്.

രാജ്യത്ത് വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് വിവിധ മേഖലകളിലേക്ക് പ്രവേശനം അനുവദിക്കുന്നതിനുള്ള നടപടികൾ കുവൈറ്റിൽ പുരോഗമിക്കുന്ന സാഹചര്യത്തിൽ ഈ ആപ്പ് ഉപയോഗപ്പെടുത്തിക്കൊണ്ട് വ്യക്തികൾക്ക് തങ്ങളുടെ വാക്സിനേഷൻ സ്റ്റാറ്റസ് തെളിയിക്കാവുന്നതാണ്. ഈദ് അവധി ദിനങ്ങൾ മുതൽ രാജ്യത്തെ സിനിമാശാലകളിലേക്ക് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് പ്രവേശനം നൽകുന്നതിനും, മെയ് 22 മുതൽ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ കുവൈറ്റ് പൗരന്മാർക്ക് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിന് അനുമതി നൽകാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.