2021 മെയ് 18 മുതൽ ഇന്ത്യ ഉൾപ്പടെയുള്ള അഞ്ച് രാജ്യങ്ങളിലേക്ക് കുവൈറ്റിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അനുമതി നൽകിയതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്കുള്ള വ്യോമയാന സർവീസുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരുമെന്ന് DGCA അറിയിച്ചിട്ടുണ്ട്.
ഇന്ത്യ, നേപ്പാൾ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള വ്യോമയാന സേവനങ്ങൾക്ക് നേരത്തെ കുവൈറ്റ് സമ്പൂർണ്ണ വിലക്കേർപ്പെടുത്തിയിരുന്നു. 2021 ഏപ്രിൽ 24-നാണ് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് കുവൈറ്റ് വിലക്കേർപ്പെടുത്തിയത്. തുടർന്ന് ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്കും കുവൈറ്റ് മെയ് 10 മുതൽ വിലക്കേർപ്പെടുത്തി.
ഇപ്പോൾ മെയ് 18-ന് പുറത്തിറക്കിയ ഈ പുതിയ അറിയിപ്പോടെ ഇന്ത്യ, നേപ്പാൾ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്ക് കുവൈറ്റിൽ നിന്നുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. കുവൈറ്റിൽ നിന്ന് ഈ രാജ്യങ്ങളിലേക്ക് തിരികെ മടങ്ങേണ്ടവർക്ക് അതിനായുള്ള സൗകര്യം നൽകുന്നതിനായാണ് ഈ തീരുമാനം. എന്നാൽ ഈ രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾക്കുള്ള വിലക്ക് തുടരും.