രാജ്യത്തെ COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുഴുവൻ യാത്രാ വിമാനങ്ങൾക്കും വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വ്യക്തമാക്കി. മെയ് 10-ന് വൈകീട്ടാണ് കുവൈറ്റ് DGCA ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയത്.
ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനവിലക്കേർപ്പെടുത്താൻ മെയ് 10-ന് കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചതിനെ തുടർന്നാണ് DGCA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം, ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ കുവൈറ്റിലേക്ക് പ്രവേശനം വിലക്കാനാണ് DGCA തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ ഈ രാജ്യങ്ങളിൽ നിന്നുള്ള ചരക്ക് ഗതാഗതത്തിന് ഈ വിലക്കുകൾ ബാധകമല്ലെന്ന് DGCA അറിയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക്, കുവൈറ്റുമായി നിലവിൽ യാത്രാ വിലക്കുകൾ ഇല്ലാത്ത ഒരു രാജ്യത്ത് ചുരുങ്ങിയത് 14 ദിവസം താമസിച്ച ശേഷം രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
2021 മെയ് 12, ബുധനാഴ്ച്ച മുതൽ ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് യു എ ഇയിലേക്ക് പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
സമാനമായ ഒരു തീരുമാനത്തിലൂടെ 2021 ഏപ്രിൽ 24, ശനിയാഴ്ച്ച മുതൽ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള മുഴുവൻ വിമാന സർവീസുകൾക്കും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ കുവൈറ്റ് താത്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്.