ഒമാൻ: ഓൺലൈൻ മാർക്കറ്റിംഗ്, പരസ്യങ്ങൾ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ മാർച്ച് 24 മുതൽ പ്രാബല്യത്തിൽ വരും

featured GCC News

രാജ്യത്ത് വെബ്സൈറ്റുകൾ, സാമൂഹിക മാധ്യമങ്ങൾ എന്നിവ ഉപയോഗിച്ച് കൊണ്ടുള്ള വിപണനം, പ്രചാരം എന്നിവയ്ക്ക് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ 2023 മാർച്ച് 24, വെള്ളിയാഴ്ച മുതൽ ഒമാനിൽ പ്രാബല്യത്തിൽ വരുന്നതാണ്. 2023 മാർച്ച് 18-ന് ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇത് പ്രകാരം, 2023 മാർച്ച് 24 മുതൽ വെബ്സൈറ്റുകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും മാർക്കറ്റിംഗ്, പ്രൊമോഷണൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ മുന്നോട്ട് വെക്കുന്ന പ്രത്യേക നിബന്ധനകൾ ബാധകമാകുന്നതാണ്. ഈ നിബന്ധനകളിൽ വീഴ്ച്ച വരുത്തുന്നവർക്ക് ആയിരം റിയാൽ പിഴ ചുമത്തുന്നതാണ്.

2022 ഡിസംബർ 25-ന് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പുറത്തിറക്കിയ ‘619/2022’ എന്ന ഔദ്യോഗിക ഉത്തരവ് പ്രകാരമുളള നിയന്ത്രണങ്ങളാണ് മാർച്ച് 24 മുതൽ പ്രാബല്യത്തിൽ വരുന്നത്. ഒമാനിൽ വെബ്സൈറ്റുകളിലൂടെയും, സാമൂഹിക മാധ്യമങ്ങളിലൂടെയും ഉത്പന്നങ്ങൾ, സേവനങ്ങൾ മുതലായവ വിപണനം ചെയ്യുന്നവർക്കും, ഉത്പന്നങ്ങൾ, സേവനങ്ങൾ എന്നിവയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും ഈ നിബന്ധനകൾ ബാധകമാകുന്നതാണ്.

വ്യാപാരികൾക്കും, ഉപഭോക്താക്കൾക്കും ഒരുപോലെ സംരക്ഷണം നൽകുന്നതിനും, ഇ-കോമേഴ്‌സ് ഇടപാടുകൾ കൂടുതൽ വിശ്വസനീയമാക്കുന്നതിനുമായാണ് മന്ത്രാലയം ഇത്തരം ഒരു നിബന്ധന നടപ്പിലാക്കുന്നത്.

രാജ്യത്ത് സമൂഹ മാധ്യമങ്ങളിലൂടെയും, വെബ്സൈറ്റുകളിലൂടെയും മാർക്കറ്റിംഗ് പ്രവർത്തനങ്ങളും, പ്രചാരണ പരിപാടികളും നടത്തുന്നതിന് മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി 2022 ഡിസംബർ 25-ന് ഒമാൻ അറിയിച്ചിരുന്നു. ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ഒമാനിൽ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ പ്രത്യേക ലൈസൻസ് നേടിയിരിക്കേണ്ടത് നിർബന്ധമാണ്.

ഇത്തരം ലൈസൻസുകൾക്കുള്ള അപേക്ഷകൾ ഇൻവെസ്റ്റ് ഈസി പോർട്ടലിലൂടെ നൽകാവുന്നതാണ്. ഒരു വർഷം മുതൽ മൂന്ന് വർഷം വരെയാണ് ഇത്തരം ലൈസൻസുകളുടെ കാലാവധി.

Cover Image: Oman News Agency.