ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളുമായുള്ള നേരിട്ടുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു. 2021 ഓഗസ്റ്റ് 18-ന് വൈകീട്ട് ചേർന്ന കുവൈറ്റ് ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം.
ഇന്ത്യ, ഈജിപ്ത്, നേപ്പാൾ ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്ര വിമാനസർവീസുകൾ പുനരാരംഭിക്കുന്നതിനാണ് ക്യാബിനറ്റ് അനുമതി നൽകിയിരിക്കുന്നത്. കുവൈറ്റിലെ കൊറോണ എമർജൻസി ഔദ്യോഗിക കമ്മിറ്റിയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിമാനസർവീസുകൾ അനുവദിക്കുന്നത്.
COVID-19 നിയന്ത്രണങ്ങളുടെ ഭാഗമായി ഈ രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ നിർത്തി വെച്ചിരിക്കുകയായിരുന്നു. കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും ഈ തീരുമാനം സ്ഥിരീകരിച്ചിട്ടുണ്ട്.