അസ്ഥിര കാലാവസ്ഥ: അബുദാബി, ദുബായ് അധികൃതർ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി

GCC News

എമിറേറ്റിൽ അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ റോഡുകളിൽ ജാഗ്രത പുലർത്താൻ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. 2022 ജനുവരി 16, ഞായറാഴ്ച്ച രാവിലെയാണ് ദുബായ് പോലീസ് ഇത്തരം ഒരു ജാഗ്രതാ നിർദ്ദേശം നൽകിയത്.

കനത്ത മഴ ഉണ്ടാകുന്ന സമയങ്ങളിൽ റോഡിൽ മുന്നിലെ വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കാനും ദുബായ് പോലീസ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം ജലാശയങ്ങൾ, വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന മലയടിവാരങ്ങൾ ഉൾപ്പടെയുള്ള താഴ്ന്ന പ്രദേശങ്ങൾ, വെള്ളത്തിന്റെ കുത്തൊഴുക്കിന് സാധ്യതയുള്ള മലമ്പ്രദേശങ്ങൾ എന്നിവ ഒഴിവാക്കാനും പൊതുജനങ്ങളോട് ദുബായ് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ശക്തമായ കാറ്റ്, കനത്ത മഴ എന്നിവയെത്തുടർന്ന് അബുദാബിയിൽ വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട് അനുഭവപ്പെടുന്നതിനാൽ റോഡുകളിൽ ജാഗ്രത പുലർത്താൻ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ജനുവരി 16-ന് രാവിലെയാണ് അബുദാബി അധികൃതർ ഈ ജാഗ്രതാ നിർദ്ദേശം നൽകിയത്.

റോഡുകളിൽ ജാഗ്രത പുലർത്തുന്നതിനൊപ്പം, തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന വെള്ളക്കെട്ടുകൾ, റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന മറ്റു കാര്യങ്ങൾ എന്നിവ അധികൃതരുമായി പങ്ക് വെക്കാനും പൊതുജനങ്ങളോട് ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 993 എന്ന നമ്പറിലൂടെ പൊതുജനങ്ങൾക്ക് അധികൃതരെ ബന്ധപ്പെടാവുന്നതാണ്.