കുവൈറ്റ്: ഓഗസ്റ്റ് 1 മുതൽ തിരികെയെത്തുന്ന പ്രവാസികൾക്ക് ബാധകമാക്കുന്ന ആരോഗ്യ സുരക്ഷാ നിയമങ്ങൾ സംബന്ധിച്ച് DGCA അറിയിപ്പ്

GCC News

2021 ഓഗസ്റ്റ് 1 മുതൽ വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന പ്രവാസികൾക്ക് ബാധകമാക്കുന്ന ആരോഗ്യ സുരക്ഷാ നിയമങ്ങൾ സംബന്ധിച്ച് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിപ്പ് പുറത്തിറക്കി. വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് ഏതാണ്ട് ആറ് മാസത്തോളമായി തുടരുന്ന വിലക്കുകൾ ഓഗസ്റ്റ് 1 മുതൽ ഒഴിവാക്കാനുള്ള ക്യാബിനറ്റ് തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് DGCA പ്രവേശന നിബന്ധനകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച അറിയിപ്പ് കുവൈറ്റ് DGCA രാജ്യത്ത് പ്രവർത്തിക്കുന്ന വിമാനകമ്പനികൾക്ക് നൽകിയിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള പ്രവാസികൾ തങ്ങളുടെ വിവരങ്ങൾ ‘Shlonik’ ആപ്പിലൂടെയും, ‘Kuwait Mosafer’ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയും രജിസ്റ്റർ ചെയ്യേണ്ടതാണ്. കുവൈറ്റിലേക്ക് പ്രവേശിക്കുന്നവർക്കും, കുവൈറ്റിൽ നിന്ന് യാത്ര ചെയ്യുന്നവർക്കും ഈ നടപടികൾ ബാധകമാണ്.

വിദേശത്ത് നിന്നെത്തുന്ന കുവൈറ്റ് അംഗീകരിച്ചിട്ടുള്ള വാക്സിനുകൾ സ്വീകരിച്ചിട്ടുള്ളവർ, തങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യെണ്ടതാണെന്നും DGCA അറിയിച്ചിട്ടുണ്ട്. കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നതിന് മുൻപായി വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഡിജിറ്റൽ മാർഗങ്ങളിലൂടെ തെളിയിക്കുന്നതിന് ഈ നടപടി പ്രധാനമാണെന്ന് DGCA വ്യക്തമാക്കി. ഫൈസർ ബയോഎൻടെക്, ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക, മോഡർന എന്നീ വാക്സിനുകളുടെ രണ്ട് ഡോസ്, അല്ലെങ്കിൽ ജോൺസൻ ആൻഡ് ജോൺസൻ COVID-19 വാക്സിനിന്റെ ഒരു ഡോസ് എന്നിവയ്ക്കാണ് കുവൈറ്റ് അംഗീകാരം നൽകിയിട്ടുള്ളത്.

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള പ്രവാസികൾ കുവൈറ്റിലെത്തിയ ശേഷം ഒരാഴ്ച്ചത്തേക്ക് നിർബന്ധിത ഹോം ക്വാറന്റീനിൽ തുടരേണ്ടതാണ്. ഒരാഴ്ച്ചത്തെ ഹോം ക്വാറന്റീൻ അവസാനിപ്പിക്കുന്ന അവസരത്തിൽ ഇവർ PCR പരിശോധന നടത്തേണ്ടതാണ്. ഒരാഴ്ച്ചയ്ക്ക് ശേഷം നടത്തുന്ന PCR പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക് ക്വാറന്റീൻ അവസാനിപ്പിക്കാവുന്നതാണ്.

വിദേശത്ത് നിന്നെത്തുന്ന, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള, യാത്രികർക്ക്, കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി കുവൈറ്റ് മുസാഫർ ആപ്പിലൂടെ PCR പരിശോധനാ ഫീസായി 20 ദിനാർ നൽകേണ്ടതായ നിർദ്ദേശം ഓഗസ്റ്റ് 1 മുതൽ ഒഴിവാക്കുമെന്ന് DGCA കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഓഗസ്റ്റ് 1 മുതൽ ഇത്തരം യാത്രികർ തങ്ങളുടെ ഒരാഴ്ച്ചത്തെ ഹോം ക്വാറന്റീൻ അവസാനിപ്പിക്കുന്ന അവസരത്തിൽ മാത്രമാണ് PCR പരിശോധന നടത്തേണ്ടതും, അതിന്റെ ഫീ നൽകേണ്ടതുമെന്നാണ് DGCA അറിയിച്ചിരിക്കുന്നത്. വിദേശത്ത് നിന്നെത്തുന്ന, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള മുഴുവൻ കുവൈറ്റ് പൗരന്മാർക്കും, പ്രവാസികൾക്കും ഈ തീരുമാനം ബാധകമാണ്.

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ പ്രവാസികൾക്ക് 2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകാൻ കുവൈറ്റ് ക്യാബിനറ്റ് ജൂൺ 17-ന് തീരുമാനിച്ചിരുന്നു. ഇതേത്തുടർന്ന്, 2021 ഓഗസ്റ്റ് 1 മുതൽ നിബന്ധനകൾക്ക് വിധേയമായി പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് കുവൈറ്റ് DGCA ഔദ്യോഗിക വക്താവ് സഈദ് അൽ ഒതായിബി വ്യക്തമാക്കുകയുണ്ടായി. ഇത്തരം യാത്രികർ, കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണെന്നും, ഇവർക്ക് രാജ്യത്തെത്തിയ ശേഷം 7 ദിവസം ക്വാറന്റീൻ നിർബന്ധമാണെന്നും അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.