COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാത്ത പൗരന്മാർക്ക് മെയ് 22, ശനിയാഴ്ച്ച മുതൽ വിദേശരാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നതിന് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. കുവൈറ്റ് പൗരന്മാർ, അവരുടെ അടുത്ത ബന്ധുക്കൾ, അവരുടെ ഗാർഹിക ജീവനക്കാർ എന്നീ വിഭാഗങ്ങൾക്ക് ഈ തീരുമാനം ബാധകമായിരിക്കും.
കുവൈറ്റ് എയർപോർട്ടിൽ നിന്ന് വ്യോമയാന സേവനങ്ങൾ നൽകുന്ന വിമാനകമ്പനികൾക്ക് ഈ തീരുമാനം സംബന്ധിച്ച അറിയിപ്പ് DGCA ഔദ്യോഗിക വിജ്ഞാപനത്തിലൂടെ നൽകിയിട്ടുണ്ട്. വാക്സിൻ സ്വീകരിക്കുന്നതിന് അനുമതിയില്ലാത്ത പ്രായവിഭാഗങ്ങളിൽ പെടുന്നവർക്ക് ഈ വിലക്ക് ബാധകമല്ല.
പ്രവാസികൾ ഉൾപ്പടെയുളള വിദേശ യാത്രികർക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരുന്നതായും DGCA പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ള താഴെ പറയുന്ന വിഭാഗങ്ങളിൽ പെടുന്നവർക്കാണ് യാത്രാ വിലക്കുകൾ ഒഴിവാക്കിയിരിക്കുന്നത്:
- രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ. രണ്ടാം ഡോസ് സ്വീകരിച്ച് 2 ആഴ്ച്ച പൂർത്തിയാക്കിയിരിക്കണം.
- ഒരു ഡോസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ച് അഞ്ച് ആഴ്ച്ച പൂർത്തിയാക്കിയവർ.
- COVID-19 രോഗമുക്തി നേടിയ ശേഷം, വാക്സിൻ സ്വീകരിച്ച് രണ്ട് ആഴ്ച്ച പൂർത്തിയാക്കിയവർ.
Cover Photo: Kuwait News Agency