ഡിസംബർ 21 മുതൽ യു കെയിൽ നിന്നുള്ള വിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഡിസംബർ 20-ന് വൈകീട്ടാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
യു കെയിൽ COVID-19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനം. യു കെയിൽ നിന്നുള്ള വിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്തിയ തീരുമാനം ഡിസംബർ 21, തിങ്കളാഴ്ച്ച രാവിലെ 11 മണി മുതൽ കുവൈറ്റിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
“രാജ്യത്തെ ആരോഗ്യ അധികൃതരുടെ നിർദ്ദേശപ്രകാരം, യു കെയെ അതിതീവ്ര COVID-19 സാധ്യത നിലനിൽക്കുന്ന രാജ്യങ്ങളിലൂടെ പട്ടികയിലേക്ക് ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നു. ഇതോടെ യു കെയിൽ നിന്നുള്ള വിമാനങ്ങൾക്ക് കുവൈറ്റിലേക്ക് താത്കാലികമായി പ്രവേശനം അനുവദിക്കുന്നതല്ല.”, കുവൈറ്റ് സിവിൽ ഏവിയേഷൻ അതോറിറ്റി പങ്ക് വെച്ച അറിയിപ്പിൽ വ്യക്തമാക്കുന്നു.
സമാനമായ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യ ഡിസംബർ 20 രാത്രി മുതൽ അടിയന്തിരമായി തങ്ങളുടെ അതിർത്തികൾ അടച്ചിരുന്നു.