കുവൈറ്റിൽ മെയ് 30 വരെ ഏർപ്പെടുത്തിയിട്ടുള്ള കർഫ്യു നിയന്ത്രണങ്ങൾ നീട്ടാൻ സാധ്യതയില്ലെന്ന് കുവൈറ്റ് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അൽ സലേഹ് തിങ്കളാഴ്ച്ച അറിയിച്ചു. കർഫ്യു കാലാവധി നീട്ടില്ലെന്നും, കുവൈറ്റിലെ പൊതു ജീവിതം സാധാരണ രീതിയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി കർഫ്യു ഭാഗികമാക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിനും, പൊതു സമൂഹത്തിലെ ജീവിത സാഹചര്യങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനുമായുള്ള പ്രത്യേക കാബിനറ്റ് ചർച്ചകൾക്ക് ശേഷം നടത്തിയ ഓൺലൈൻ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇത് അറിയിച്ചത്. നിലവിൽ ഇളവുകളെക്കുറിച്ചുള്ള തീരുമാനങ്ങൾ ആയിട്ടില്ലെങ്കിലും, ഇത് സംബന്ധിച്ച വിവരങ്ങൾ സർക്കാർ വ്യാഴാഴ്ച്ച പ്രഖ്യാപിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.