രാജ്യത്തെ 12 മുതൽ 15 വയസ്സ് വരെയുള്ള വിഭാഗങ്ങളിൽപ്പെടുന്നവർക്ക് ഫൈസർ COVID-19 നൽകുന്നതിനെക്കുറിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം പഠനങ്ങൾ നടത്തുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ പ്രായപരിധിയിലുള്ള കുട്ടികളിൽ തങ്ങളുടെ വാക്സിൻ സുരക്ഷിതവും, രോഗബാധ തടയുന്നതിൽ ഏറെ ഫലപ്രദവുമാണെന്ന പഠന റിപ്പോർട്ട് ഫൈസർ പുറത്തിറക്കിയ സാഹചര്യത്തിലാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം വിശകലനം ചെയ്യുന്നത്.
ഇതിന്റെ വിവിധ വശങ്ങൾ കുവൈറ്റ് ആരോഗ്യ മന്ത്രാലയം പഠിച്ച് വരുന്നതായാണ് മാധ്യമ റിപ്പോർട്ടുകൾ. നിലവിൽ രാജ്യത്തെ പ്രായമായവർ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർ തുടങ്ങിയ വിഭാഗങ്ങൾക്കാണ് കുവൈറ്റ് വാക്സിൻ നൽകുന്നതിന് മുൻഗണന നൽകുന്നത്.
12 മുതൽ 15 വയസ്സ് വരെയുള്ള പ്രായപരിധിയിലുള്ള കുട്ടികൾക്ക് ഈ വാക്സിൻ നൽകുന്നതിന് യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നേരത്തെ അംഗീകാരം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഖത്തർ, യു എ ഇ എന്നീ രാജ്യങ്ങൾ ഈ പ്രായപരിധിയിലുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ അടിയന്തിരമായി ഉപയോഗിക്കുന്നതിന് അംഗീകാരം നൽകിയിട്ടുണ്ട്.