കുവൈറ്റ്: പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്കുള്ള ബൂസ്റ്റർ ഡോസ് വാക്സിൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

GCC News

രാജ്യത്ത് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നതിന് മുൻഗണന നൽകിയിട്ടുള്ള വിഭാഗങ്ങളിലുള്ള പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒക്ടോബർ 9-നാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ രോഗബാധയേൽക്കാൻ സാധ്യതയുള്ള മൂന്ന് വിഭാഗങ്ങൾക്ക് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നതിന് തീരുമാനിച്ചതായി സെപ്റ്റംബർ 25-ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചിരുന്നു. പൊതുസമൂഹത്തിൽ എളുപ്പത്തിൽ രോഗബാധയേൽക്കാൻ സാധ്യതയുള്ള ജനങ്ങൾക്കിടയിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

60 വയസിന് മുകളിൽ പ്രായമുള്ളവർ, ആരോഗ്യ പരിചരണ മേഖലയിലെ ജീവനക്കാർ, രോഗപ്രതിരോധ ശേഷി കുറവുള്ളവർ തുടങ്ങി എളുപ്പത്തിൽ രോഗബാധിതരാകാൻ സാധ്യതയുള്ളവർക്കായാണ് മന്ത്രാലയം മൂന്നാമതൊരു അധിക ഡോസ് നൽകുന്ന പദ്ധതി പ്രധാനമായും പ്രഖ്യാപിച്ചിട്ടുള്ളത്. ഇവർക്ക് COVID-19 വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷം ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നതിനാണ് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയിട്ടുള്ളത്.

Cover Photo: A COVID-19 vaccination field unit in Kuwait. (Kuwait News Agency)