ദുബായ്: മാസ്കുകളുടെ ഉപയോഗം സംബന്ധിച്ചുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ; 6 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാസ്കുകൾ നിർബന്ധമല്ല

GCC News

പൊതുഇടങ്ങളിലെ മാസ്കുകളുടെ ഉപയോഗത്തെ സംബന്ധിച്ച് ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. വിവിധ ഇടങ്ങളിലും, സന്ദർഭങ്ങളിലും മാസ്കുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങളും, ഇളവുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

യു എ ഇയിലെ COVID-19 കമാൻഡ് ആൻഡ് കൺട്രോൾ സെന്റററിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് ഈ പുതിയ മാനദണ്ഡങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.

ഈ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് താഴെ പറയുന്ന വിഭാഗങ്ങളിലുള്ളവർക്ക് മാത്രമാണ് മാസ്കുകൾ ധരിക്കുന്നതിനു ഇളവുകൾ അനുവദിച്ചിട്ടുള്ളത്:

  • 6 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾ.
  • ശ്വസിക്കാനും, ആശയവിനിമയം നടത്തുന്നതിനും മാസ്കുകളുടെ ഉപയോഗം തടസ്സമാകുന്ന പ്രശ്നങ്ങൾ ഉള്ള ഭിന്നശേഷിക്കാർ.
  • അതീവ ഗുരുതരമായ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ, ശ്വസനോപകരണങ്ങൾ ഉപയോഗിക്കുന്നവർ.

മറ്റെല്ലാവരും പൊതു ഇടങ്ങളിൽ നിർബന്ധമായും മാസ്കുകൾ ഉപയോഗിക്കണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പാലിക്കാത്തവർക്ക് 3000 ദിർഹം പിഴ ചുമത്തുന്നതാണ്.

പൊതു ഇടങ്ങളിൽ താഴെ പറയുന്ന സാഹചര്യങ്ങളിൽ മാസ്കുകൾ താത്കാലികമായി അഴിച്ച് മാറ്റാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്:

  • കാറുകളിൽ തനിച്ചോ, കുടുംബാംഗങ്ങളുടെ കൂടെയോ യാത്ര ചെയ്യുമ്പോൾ.
  • ഹോട്ടലുകളിലോ, തുറന്ന ഇടങ്ങളിലോ ഭക്ഷണം കഴിക്കുന്ന അവസരങ്ങളിൽ.
  • കഠിനമായ വ്യായാമത്തിൽ ഏർപ്പെടുമ്പോൾ.
  • ഓഫീസ് കാബിനുകളിലും മറ്റും തനിയെ ഉള്ള അവസരങ്ങളിൽ.
  • നീന്തൽ, സ്കൈ ഡൈവിംഗ് മുതലായ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ.
  • ദന്ത ചികിത്സ, ENT പരിശോധനകൾ എന്നിവക്കായി.

Photo: Anastasiia Chepinska, Unsplash