രാജ്യത്തെ വിദ്യാലയങ്ങളിൽ ഈ വർഷം സെപ്റ്റംബറോടെ പടിപടിയായി വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കാൻ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം തയ്യാറെടുക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനായുള്ള രൂപരേഖ തയ്യാറാക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിടാൻ എഡ്യൂക്കേഷൻ കമ്മിറ്റി തീരുമാനിച്ചതായാണ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഏപ്രിൽ മാസത്തിൽ വിദ്യാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ചുള്ള സമഗ്രമായ ഒരു നിർദ്ദേശം മന്ത്രാലയം സർക്കാരിന് മുന്നിൽ നേരത്തെ സമർപ്പിച്ചിരുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ആരോഗ്യ മന്ത്രാലയം ഈ നിർദ്ദേശം തള്ളിക്കളയുകയായിരുന്നു. രോഗബാധിതരുടെ എണ്ണം ഉയരുന്നതും, സമൂഹത്തിലെ വളരെ ചെറിയ ശതമാനം ആളുകൾ മാത്രം വാക്സിൻ സ്വീകരിച്ചിട്ടുള്ളതും കണക്കിലെടുത്തായിരുന്നു ആരോഗ്യ മന്ത്രാലയം ഈ നിർദ്ദേശം തള്ളിയത്.
ഈ സാഹചര്യത്തിലാണ് ഈ വർഷം സെപ്റ്റംബറോടെ വിദ്യാലയങ്ങൾ തുറക്കുന്നതിനുള്ള നിർദ്ദേശങ്ങൾക്ക് അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ചിട്ടുള്ളത്. ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, മറ്റു അനുബന്ധ വകുപ്പുകൾ എന്നിവർ ചേർന്ന് വിദ്യാർത്ഥികളെ വിദ്യാലയങ്ങളിലേക്ക് പടിപടിയായി പ്രവേശിപ്പിക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന.
കൂടുതൽ പേരിലേക്ക് വാക്സിനേഷൻ പ്രവർത്തനങ്ങൾ എത്തുന്നതോടെ സെപ്റ്റംബറിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിലേക്ക് നേരിട്ട് പ്രവേശനം നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ബാസിൽ അൽ സബാഹ് കഴിഞ്ഞ ദിവസം ഒരു യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിൽ അറിയിച്ചിരുന്നു. സ്‌കൂൾ ജീവനക്കാർക്ക് വാക്സിൻ നൽകുന്ന പ്രവർത്തനങ്ങൾ മെയ് മാസത്തിൽ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.