ഒമാൻ: രണ്ടായിരത്തിൽ പരം പ്രവാസി അധ്യാപകർക്ക് പകരം ഒമാനി പൗരന്മാരെ നിയമിക്കാൻ തീരുമാനിച്ചതായി തൊഴിൽ മന്ത്രാലയം

GCC News

രാജ്യത്ത് നടപ്പിലാക്കുന്ന സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി, രണ്ടായിരത്തിൽ പരം പ്രവാസി അധ്യാപകർക്ക് പകരം ഒമാനി പൗരന്മാരെ നിയമിക്കാൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു. മാർച്ച് 15-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഒമാനിലെ വിദ്യാഭ്യാസ മേഖലയിൽ സ്വദേശിവത്കരണം കൂടുതൽ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ നടപടികളുടെ ആദ്യഘട്ടത്തിൽ, ഒമാനിലെ 2469 പ്രവാസി അധ്യാപകർക്ക് പകരം ഒമാൻ പൗരന്മാരെ നിയമിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കിയതായി മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. ഈ അധ്യാപകരിൽ 1455 പേർ പുരുഷന്മാരും, 1014 പേർ സ്ത്രീകളുമാണ്.

ഇസ്ലാമിക വിഷയങ്ങൾ, അറബിക്, ഫ്രഞ്ച്, ഗണിതം, രസതന്ത്രം, ഊര്‍ജ്ജതന്ത്രം, ജീവശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം, ഇൻഫർമേഷൻ ടെക്നോളജി, സംഗീതം, കല, സ്പോർട്സ് തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് ഈ തീരുമാനത്തിന്റെ ഭാഗമായി സ്വദേശിവത്കരണം നടപ്പിലാക്കുന്നത്. ഇത് നടപ്പിലാക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം ഉൾപ്പടെയുള്ള വിവിധ വകുപ്പുകളുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ തൊഴിൽ മന്ത്രാലയം കൈക്കൊണ്ടിട്ടുണ്ട്. ഈ വർഷം രാജ്യത്തെ പൊതു മേഖലയിൽ ഒമാൻ പൗരന്മാർക്ക് ഏതാണ്ട് നാലായിരത്തോളം തൊഴിലവസരങ്ങൾ നൽകുന്നതിനായാണ് മന്ത്രാലയം പദ്ധതിയിടുന്നത്.