രാജ്യത്തെ അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ കുവൈറ്റ് ഔദ്യോഗികമായി പിൻവലിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളെ നിയമിക്കുന്നതിനാണ് കുവൈറ്റ് നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നത്.
നവംബർ 4-ന് കുവൈറ്റ് വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി അബ്ദുല്ല അൽ സൽമാന്റെ നേതൃത്വത്തിൽ ചേർന്ന പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ബോർഡ് യോഗത്തിൽ ഈ വിലക്ക് പിൻവലിക്കാൻ തീരുമാനിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ തീരുമാനം ഔദ്യോഗികമായി പിൻവലിച്ചതായും, ഇത്തരക്കാരുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിന് പ്രതിവർഷം 500 ദിനാർ ഫീസായി ഏർപ്പെടുത്തുന്നതിനും, നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിനും കുവൈറ്റ് തീരുമാനിച്ചതായും പ്രാദേശിക മാധ്യമങ്ങൾ അറിയിച്ചിട്ടുണ്ട്. എന്നാൽ കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഇത് സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല.
അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളെ നിയമിക്കുന്നത് വിലക്കിയ തീരുമാനത്തിന് നിയമ പരിരക്ഷയില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കുവൈറ്റ് ലീഗൽ അഡ്വൈസ് ആൻഡ് ലെജിസ്ലേഷൻ ഡിപ്പാർട്മെന്റ് ഈ തീരുമാനം കഴിഞ്ഞ മാസം റദ്ദ് ചെയ്തിരുന്നു. ഔദ്യോഗിക അംഗീകാരമില്ലാതെയാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഈ തീരുമാനം കൈക്കൊണ്ടതെന്നും ലീഗൽ അഡ്വൈസ് ആൻഡ് ലെജിസ്ലേഷൻ ഡിപ്പാർട്മെന്റ് വ്യക്തമാക്കിയിരുന്നു.
Cover Photo: Kuwait News Agency.