കുവൈറ്റ്: ഇന്ത്യയിൽ നിന്നുള്ള വിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്തി

featured GCC News

2021 ഏപ്രിൽ 24, ശനിയാഴ്ച്ച മുതൽ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള മുഴുവൻ വിമാന സർവീസുകൾക്കും താത്കാലിക വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വ്യക്തമാക്കി. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ വിലക്കുകൾ തുടരുമെന്നും DGCA അറിയിച്ചിട്ടുണ്ട്.

ഏപ്രിൽ 24-ന് പുലർച്ചെയാണ് കുവൈറ്റ് DGCA ഇക്കാര്യം അറിയിച്ചത്. ആഗോളതലത്തിലുള്ള COVID-19 സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം.

ഈ അറിയിപ്പ് പ്രകാരം ഏപ്രിൽ 24 മുതൽ ഇന്ത്യയിൽ നിന്ന് വരുന്ന യാത്രികർക്ക് നേരിട്ട് കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. കുവൈറ്റ് യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയിട്ടില്ലാത്ത മറ്റൊരു രാജ്യത്ത് 14 ദിവസം താമസിച്ച ശേഷം ഇന്ത്യയിൽ നിന്നുള്ളവർക്ക് കുവൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്.

കുവൈറ്റ് പൗരന്മാർ, അവരുടെ അടുത്ത ബന്ധുക്കൾ, അവരുടെ ഗാർഹിക ജീവനക്കാർ തുടങ്ങിയവർക്ക് ഈ വിലക്ക് ബാധകമല്ല. ഇന്ത്യയിൽ നിന്നുള്ള ചരക്ക് ഗതാഗതത്തിനും ഈ വിലക്കുകൾ ബാധകമല്ല.