രണ്ടാം ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനുള്ള നടപടികൾ 2021 ജൂൺ 9, ബുധനാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിൻ നൽകുന്നതിനായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇത് സംബന്ധിച്ച അറിയിപ്പ് SMS മുഖേന നൽകിത്തുടങ്ങിയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സബാഹ് വ്യക്തമാക്കി.
ജൂൺ 8-ന് രാത്രിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. രണ്ടാം ഡോസ് വാക്സിനായി കാത്തിരിക്കുന്നവർക്ക് വാക്സിൻ ലഭിക്കുന്ന തീയതി, വാക്സിനേഷൻ കേന്ദ്രം മുതലായ വിവരങ്ങൾ SMS മുഖേന മന്ത്രാലയം ലഭ്യമാക്കുന്നതാണ്.
രാജ്യത്ത് നിലവിലുള്ള ആസ്ട്രസെനേക്ക വാക്സിനിന്റെ പ്രീ-ടെസ്റ്റ് രേഖകൾ നിർമ്മാതാക്കളിൽ നിന്ന് ലഭിച്ചതായും കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജൂൺ 9 മുതൽ രണ്ടാം ഡോസ് കുത്തിവെപ്പുകൾ നൽകാൻ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്.
രണ്ടാം ഡോസ് വാക്സിനായി കാത്തിരിക്കുന്ന 2 ലക്ഷത്തോളം പേർക്ക് 10 ദിവസത്തിനകം കുത്തിവെപ്പ് നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഷെയ്ഖ് ബാസൽ അൽ സബാഹ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആസ്ട്രസെനേക്ക വാക്സിനിന്റെ ഒരു ബാച്ച് മെയ് 10-ന് കുവൈറ്റിൽ എത്തിയിരുന്നു. എന്നാൽ ഇതോടൊപ്പം ലഭിക്കേണ്ട പ്രീ-ടെസ്റ്റ് രേഖകൾ ലഭിച്ചിട്ടില്ലെന്നും, ഈ രേഖകൾ ജൂൺ 8-ന് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ രേഖകൾ കൃത്യമായി ലഭിക്കുന്ന പക്ഷം രണ്ടാം ഡോസ് വാക്സിനേഷൻ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.