ഡിസംബർ 21, തിങ്കളാഴ്ച്ച മുതൽ ജനുവരി 1 വരെ രാജ്യത്തിന്റെ അതിർത്തികൾ അടയ്ക്കാൻ തീരുമാനിച്ചതായി കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് അറിയിച്ചു. ഡിസംബർ 21-ന് വൈകീട്ടാണ് സർക്കാർ മാധ്യമ വിഭാഗം തലവൻ താരിഖ് അൽ മുസ്രിം ഇക്കാര്യം അറിയിച്ചത്.
ഡിസംബർ 21, തിങ്കളാഴ്ച്ച രാത്രി 11 മണി മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതാണ്. ഡിസംബർ 21 മുതൽ യു കെയിൽ നിന്നുള്ള വിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് സിവിൽ ഏവിയേഷൻ അതോറിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യു കെയിൽ COVID-19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു ഈ തീരുമാനം.
എന്നാൽ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ജനുവരി 1 വരെ കുവൈറ്റിലേക്കുള്ള എല്ലാ യാത്രാ വിമാന സർവീസുകൾ വിലക്കാനും, കര, കടൽ അതിർത്തികൾ വഴിയുള്ള ഗതാഗതം നിർത്തിവെക്കാനും അധികൃതർ തീരുമാനിക്കുകയായിരുന്നു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ ഈ വിലക്കുകൾ നീട്ടുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ചരക്ക് ഗതാഗതത്തിന് ഈ നിയന്ത്രണം ബാധകമല്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
കൊറോണ വൈറസിന്റെ പുതിയ വകഭേദം യു കെയിൽ അതിവേഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സൗദി അറേബ്യ ഡിസംബർ 21 മുതൽ ഒരാഴ്ച്ചത്തേയ്ക്കും, ഒമാൻ ഡിസംബർ 22 മുതൽ ഒരാഴ്ച്ചത്തേക്കും തങ്ങളുടെ അതിർത്തികൾ അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്.