കുവൈറ്റ്: ട്രാഫിക് സിഗ്നലുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് പിഴ ചുമത്തും

featured GCC News

ട്രാഫിക് സിഗ്നലുകളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് പിഴ ചുമത്തുമെന്ന് കുവൈറ്റ് അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ വിഭാഗം ഡയറക്ടർ ഒത്മാൻ അൽ ഘരീബിനെ ഉദ്ധരിച്ചാണ് മാധ്യങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ട്രാഫിക് സിഗ്നലുകളിൽ വാഹനങ്ങൾ നിർത്തിയിടുന്ന അവസരങ്ങളിൽ ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ട്രാഫിക് നിയമലംഘനമായി കണക്കാകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഡ്രൈവർമാർ വാഹനങ്ങളിലുള്ള സമയങ്ങളിൽ പൂർണ്ണമായും അവരുടെ ശ്രദ്ധ വാഹനമോടിക്കുന്നതിലായിരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ട്രാഫിക് സിഗ്നലുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഡ്രൈവറുടെ ശ്രദ്ധ തെറ്റുന്നതിന് കാരണമാകുമെന്നും സിഗ്നൽ മാറുന്ന അവസരത്തിൽ വാഹനം മുന്നോട്ടെടുക്കുന്നതിൽ കാലതാമസം ഉണ്ടാക്കുമെന്നും, ഗതാഗത തടസത്തിനിടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് കുവൈറ്റിലെ പുതിയ ഗതാഗത നിയമങ്ങൾ പ്രകാരം 70 ദിനാർ പിഴ ചുമത്തുന്നതാണ്.