ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ ഒമ്പത് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്കുള്ള വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന താത്കാലിക വിലക്കുകൾ പിൻവലിക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു. 2022 ജനുവരി 17, തിങ്കളാഴ്ച്ച ചേർന്ന കുവൈറ്റ് ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം.
കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുവൈറ്റ് വിദേശകാര്യ മന്ത്രിയും, ക്യാബിനറ്റ് അഫയേഴ്സ് സഹമന്ത്രിയുമായ ഡോ. ഷെയ്ഖ് അഹ്മദ് നാസ്സർ അൽ മുഹമ്മദ് അൽ സബാഹാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സൗത്ത് ആഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്വെ, മൊസാമ്പിക്, ലെസോതോ, എസ്വതിനി, സാംബിയ, മലാവി എന്നീ രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ടുള്ള യാത്രാവിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ രാജ്യത്തെ വ്യോമയാന മേഖലയിലെ അധികൃതർക്ക് ക്യാബിനറ്റ് നിർദ്ദേശം നൽകിയതായി അദ്ദേഹം വ്യക്തമാക്കി. COVID-19 സുരക്ഷാ നിബന്ധനകൾക്ക് വിധേയമായാണ് ഇത്തരം സർവീസുകൾ പുനരാരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശത്ത് നിന്നെത്തുന്ന COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള വ്യക്തികൾക്ക് ഏതാനം നിബന്ധനകൾക്ക് വിധേയമായിക്കൊണ്ട് ഹോം ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതിനും ഇതേ ക്യാബിനറ്റ് യോഗത്തിൽ കുവൈറ്റ് തീരുമാനിച്ചിട്ടുണ്ട്.
2021 നവംബർ 27-ന് രാത്രിയാണ് ഒമ്പത് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്കുള്ള വിമാന സർവീസുകൾക്ക് താത്കാലിക വിലക്കേർപ്പെടുത്താൻ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ തീരുമാനിച്ചത്.