അബുദാബി: സ്വെയ്ഹാൻ റോഡിലെ പരമാവധി വേഗപരിധി കുറയ്ക്കാൻ തീരുമാനിച്ചതായി പോലീസ് അറിയിച്ചു

featured GCC News

2023 ജൂൺ 4 മുതൽ സ്വെയ്ഹാൻ റോഡിലെ പരമാവധി വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്റർ എന്ന രീതിയിലേക്ക് കുറയ്ക്കാൻ തീരുമാനിച്ചതായി അബുദാബി പോലീസ് അറിയിച്ചു. 2023 ജൂൺ 1-നാണ് അബുദാബി പോലീസ് ഇക്കാര്യം അറിയിച്ചത്.

സ്വെയ്ഹാൻ റോഡിൽ അൽ ഫലാഹ് പാലം മുതൽ അബുദാബി ഇന്റർനാഷണൽ എയർപോർട്ട് ദിശയിലാണ് വേഗപരിധി സംബന്ധിച്ച ഈ മാറ്റം വരുത്താൻ തീരുമാനിച്ചിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

നിലവിൽ ഈ മേഖലയിലെ പരമാവധി വേഗപരിധി മണിക്കൂറിൽ 140 കിലോമീറ്ററാണ്. ജൂൺ 4 മുതൽ പ്രാബല്യത്തിൽ വരുന്ന പുതുക്കിയ പരമാവധി വേഗപരിധി സംബന്ധിച്ച അടയാള ബോർഡുകൾ മേഖലയിൽ സ്ഥാപിച്ചതായും പോലീസ് അറിയിച്ചു.

മേഖലയിലെ റോഡ് അപകടങ്ങൾ കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം ഒരു തീരുമാനം. വേഗപരിധി സംബന്ധിച്ച ഈ അറിയിപ്പ് കർശനമായി പാലിക്കാൻ പോലീസ് ആഹ്വാനം ചെയ്തു.

Cover Image: WAM.