രാജ്യത്തെ സ്വകാര്യ വിദ്യാലയങ്ങൾ 2021 സെപ്റ്റംബർ 27 മുതൽ നേരിട്ടുള്ള അധ്യയനത്തിനായി തുറക്കുമെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കുവൈറ്റ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. അലി അൽ മുദാഫാണ് ഇക്കാര്യം അറിയിച്ചത്.
കുവൈറ്റിലെ പൊതുമേഖലയിലെ വിദ്യാലയങ്ങളിൽ 2021 ഒക്ടോബർ 3 മുതൽ ഇത്തരത്തിലുള്ള പഠനം പുനരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് 11-ന് നൽകിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അറബിക് വിദ്യാഭ്യാസ സമ്പ്രദായം പിന്തുടരുന്ന വിദ്യാലയങ്ങൾ പൊതുവിദ്യാലയങ്ങളുടെ പ്രവർത്തനക്രമം പിന്തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശ വിദ്യാഭ്യാസ സമ്പ്രദായം പിന്തുടരുന്ന വിദ്യാലയങ്ങൾക്ക് ഓൺലൈൻ രീതിയിൽ സെപ്റ്റംബർ 27-ന് മുൻപായി അധ്യയന വർഷം ആരംഭിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിന്റർഗാർട്ടനുകളിലെയും, എലിമെന്ററി, മിഡിൽ സ്കൂൾ വിഭാഗങ്ങളിലെയും അധ്യാപകരും, മറ്റു ജീവനക്കാരും സെപ്റ്റംബർ 19 മുതൽ ജോലിയിൽ തിരികെ പ്രവേശിക്കുന്നതാണ്. ഹൈസ്കൂൾ അധ്യാപകരും, മറ്റു ജീവനക്കാരും സെപ്റ്റംബർ 26 മുതൽ വിദ്യാലയങ്ങളിൽ തിരികെ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാലയങ്ങളിലെത്തുന്ന മുഴുവൻ പേരുടെയും സുരക്ഷ മുൻനിർത്തി പ്രത്യേക ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന്റെ ഭാഗമായി, ഓരോ ക്ലാസുകളിലും ഒരേ സമയം പ്രവേശിക്കാൻ അനുമതി നൽകിയിട്ടുള്ള വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കുമെന്നും, ഇത് നടപ്പിലാക്കുന്നതിനായി പ്രത്യേക സമ്മിശ്ര പഠനരീതി ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ക്ലാസ്സ്മുറികളിൽ മുഴുവൻ പേർക്കും മാസ്കുകൾ നിർബന്ധമാണ്. സമൂഹ അകലം ഉറപ്പാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.
പൊതു വിദ്യാലയങ്ങളിൽ ഓരോ ക്ലാസുകളിലെയും വിദ്യാർത്ഥികളെ 2 വിഭാഗങ്ങളായി തിരിക്കുമെന്നും, ഈ വിഭാഗങ്ങൾ ഓരോ ദിവസവും മാറി മാറി സ്കൂളുകളിൽ നേരിട്ടെത്തുന്ന പഠനരീതി നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 12 വയസിനു മുകളിൽ പ്രായമുള്ള വാക്സിൻ കുത്തിവെപ്പെടുക്കാത്ത വിദ്യാർത്ഥികൾ ഓരോ ഞായറാഴ്ച്ചയും PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. വാക്സിനെടുക്കാത്ത അധ്യാപകർക്കും, മറ്റു ജീവനക്കാർക്കും ഇതേ നിയമം ബാധകമാക്കിയിട്ടുണ്ട്. വിദ്യാലയങ്ങൾ സന്ദർശിക്കുന്ന വാക്സിനെടുക്കാത്ത രക്ഷിതാക്കൾക്ക് 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്.