കുവൈറ്റ്: ഫാമിലി വിസ അനുവദിക്കുന്ന നടപടികൾ വരും ദിനങ്ങളിൽ ആരംഭിക്കുമെന്ന് സൂചന

GCC News

രാജ്യത്തെ പ്രവാസികൾക്ക് ഫാമിലി വിസ അനുവദിക്കുന്ന നടപടികൾ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഉടൻ തന്നെ ആരംഭിക്കുമെന്ന് സൂചന. ഇത്തരം വിസകൾ വരും ദിനങ്ങളിൽ അനുവദിച്ച് തുടങ്ങുമെന്നാണ് മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇതിന്റെ ആദ്യ ഘട്ടത്തിൽ പ്രവാസികളുടെ കുട്ടികൾക്കും, തുടർന്ന് മറ്റ് കുടുംബാംഗങ്ങൾക്കും ഫാമിലി വിസ അനുവദിക്കുന്ന നടപടികൾ ആരംഭിക്കുന്നതാണ്. ഇതിന്റെ ഭാഗമായി അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഇത്തരം വിസകൾ അനുവദിക്കുന്നതിനുള്ള അപേക്ഷകൾ ഇമിഗ്രേഷൻ ആൻഡ് പാസ്സ്പോർട്ട്സ് വിഭാഗം സ്വീകരിച്ച് തുടങ്ങിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ചുരുങ്ങിയത് 500 ദിനാർ പ്രതിമാസം ശമ്പളമുള്ള പ്രവാസികൾക്കാണ് കുടുംബാംഗങ്ങൾക്കായി ഇത്തരം വിസകൾക്ക് അപേക്ഷിക്കാൻ അനുമതി. പ്രവാസികൾക്ക് പുതിയ ഫാമിലി, വിസിറ്റ് വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ കുവൈറ്റ് 2022 ഓഗസ്റ്റിൽ താത്കാലികമായി നിർത്തലാക്കിയതായിരുന്നു.